അതിരപ്പിള്ളി: പ്രതിദിനം നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന മലക്കപ്പാറയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെ അധികാരികൾ. വിനോദ സഞ്ചാരികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് സമീപകാലത്ത് നഷ്ടപ്പെട്ടത്. ഇതിനായി അനുവദിക്കപ്പെട്ട ഒരു കോടിയോളം രൂപ ജില്ല ടൂറിസം വിഭാഗത്തിന്റെ അനാസ്ഥമൂലം പാഴായി. മലക്കപ്പാറയിൽ വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള ടൂറിസം ഫെസിലിറ്റേഷൻ സെന്ററാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. മലക്കപ്പാറയിൽ അതിരപ്പിള്ളി പഞ്ചായത്ത് വക സ്ഥലത്ത് ആരംഭിക്കാനിരുന്ന പദ്ധതി അവസാന നിമിഷത്തിൽ നടപ്പാകാതെ പോകുകയായിരുന്നു. കിലോമീറ്ററുകൾ പിന്നിട്ട് ഇത്രയേറെ സന്ദർശകർ ഇവിടേക്ക് എത്തിയിട്ടും അവർക്ക് യാതൊരു സൗകര്യങ്ങളും ഇവിടെയില്ല.
വൻതുക ഈടാക്കുന്ന ഏതാനും സ്വകാര്യ റിസോർട്ടുകളല്ലാതെ സഞ്ചാരികൾക്ക് തങ്ങാൻ സൗകര്യമില്ല. സ്ത്രീകളും കുട്ടികളുമടക്കമുള്ള സഞ്ചാരികൾ വന്യമൃഗശല്യമുള്ള ഇവിടെ പ്രാഥമികാവശ്യത്തിനായി വഴിയോരത്തെ കുറ്റിക്കാടുകളെ ആശ്രയിക്കുകയാണ്. മൂന്നാറിന് സമാനമായി ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രമായി വളർത്തിയെടുക്കാവുന്ന അതിമനോഹരമായ സ്ഥലമാണ് മലക്കപ്പാറ. തേയിലത്തോട്ടങ്ങളും മൂടൽമഞ്ഞു നിറഞ്ഞ അന്തരീക്ഷവും പ്രദേശം സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാക്കുന്നു. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് ഈ പ്രദേശത്തിന്റെ ശരാശരി ഉയരം. ചാലക്കുടിയിൽനിന്ന് അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ പിന്നിട്ട് ഏകദേശം 86 കിലോമീറ്റർ മാറിയാണ് ഈ ടൂറിസം കേന്ദ്രം.
മറ്റ് ടൂറിസ്റ്റ് സർവിസുകൾക്ക് പുറമെ കെ.എസ്.ആർ.ടി.സിയുടെ ആറ് ബസുകളിലധികം അവധി ദിവസങ്ങളിൽ സ്പെഷൽ സർവീസ് നടത്തുണ്ട്. മധ്യകേരളത്തിലെ ഏറ്റവും വലിയ ഹിൽസ്റ്റേഷനായി മലക്കപ്പാറ മാറുമ്പോൾ വിനോദ സഞ്ചാര വകുപ്പ് സൗകര്യങ്ങളേർപ്പെടുത്തുന്നതിൽ മുഖം തിരിച്ചു നിൽക്കുന്നുവെന്നതാണ് പരാതി. ഇതുവഴി വാൽപ്പാറയിലേക്ക് പോകുന്നവർക്ക് രാത്രിയിൽ മലക്കപ്പാറയിൽ തങ്ങേണ്ടി വരുന്നുണ്ട്. തമിഴ്നാട്ടിലെ വാൽപ്പാറ ചെക്ക് പോസ്റ്റിൽ യാത്രികരെ രാത്രിയിൽ കടത്തിവിടാത്ത സാഹചര്യത്തിൽ മലക്കപ്പാറയിൽ ഒരു ടൂറിസം ഫെസിലിറ്റേഷൻ സെൻറർ വേണമെന്ന ആവശ്യം ഉയർന്നു വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.