കയ്പമംഗലം: സെക്ടറൽ മജിസ്ട്രേറ്റിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം പന്ത്രണ്ട് സ്വദേശി ചാരങ്ങത്ത് വീട്ടിൽ വിപിൻ (34), കയ്പമംഗലം അറവുശാല സ്വദേശി നെല്ലിക്കത്തറ ഷിവാസ് (24) എന്നിവരെയാണ് കയ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് ആറോടെ മൂന്നുപീടികയിൽ വെച്ചാണ് കയ്പമംഗലം സെക്ടറൽ മജിസ്ട്രേറ്റ് ചെന്ത്രാപ്പിന്നി സ്വദേശി വേരൻകടവത്ത് മാഹിറിനെ (27) നാലംഗ സംഘം മർദിച്ചത്. മൂന്നുപീടിക കിഴക്ക് ഗുഡ്ലക്ക് ഫ്ലാറ്റിനടുത്ത് മാസ്ക് ധരിക്കാതെ നിൽക്കുന്നത് കണ്ട് ചോദ്യം ചെയ്തതിന് സംഘം ചേർന്ന് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. മർദനത്തിൽ സെക്ടറൽ മജിസ്ട്രേറ്റിന് കഴുത്തിന് പരിക്കേറ്റു. സംഭവമറിഞ്ഞെത്തിയ പൊലീസ് പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുണ്ട്. അഡീഷനൽ എസ്.ഐ റോയ്, പൊലീസുകാരായ വിപിൻദാസ്, ഹബീബ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.