വെള്ളാങ്ങല്ലൂര്‍: ലഹരിമരുന്നായ എം.ഡി.എം.എയുമായി വെള്ളാങ്ങല്ലൂരില്‍ രണ്ടുപേർ പിടിയിൽ. നെടുമ്പാശ്ശേരി പിരാരൂർ സ്വദേശികളായ കാച്ചപ്പിള്ളി പോൾസൻ (26), കന്നാപ്പിള്ളി റോമി (19) എന്നിവരാണ് പിടിയിലായത്.
വിൽപനക്ക് മയക്കുമരുന്നുമായി ബൈക്കിലെത്തിയ ഇരുവരെയും പൊലീസ് സംഘം പിടികൂടുകയായിരുന്നു. 2.13 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ എറണാകുളം, തൃശൂർ ജില്ലകളിൽ വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികളാണെന്ന് മനസ്സിലായതായി പൊലീസ് അറിയിച്ചു.
സ്കൂൾ, കോളജ് വിദ്യാർഥികൾ ഇവരുടെ ഇരകളാണ്. ഇൻസ്റ്റഗ്രാം, വാട്സ് ആപ്, ഡാർക്ക് വെബ് എന്നിവ മുഖേനയാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. പരീക്ഷ സമയത്ത് ഓർമശക്തി കൂടുമെന്ന് പറഞ്ഞാണ് കുട്ടികളെ ഇരകളാക്കുന്നത്. ഒരുവട്ടം ഉപയോഗിച്ചാൽ വീണ്ടും ആവശ്യപ്പെടുകയും തുടരെയുള്ള ഉപയോഗം മാനസിക വിഭ്രാന്തിക്ക് കാരണമാകുകയും ചെയ്യും.
കഴിഞ്ഞമാസം തൃപ്രയാറിൽനിന്ന് കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിയിൽനിന്ന് 33 ഗ്രാം എഡി.എം.എ റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ഇരിങ്ങാലക്കുട ഡിവൈ.എസ്.പി സ്ക്വാഡും ചേർന്ന് പിടികൂടിയിരുന്നു. പുതുതലമുറ എം.ഡി.എം.എയെ മോളി എം മെത്ത്, ക്രിസ്റ്റല്‍ എക്സ്, കല്ല് എന്നിങ്ങനെയാണ് വിളിക്കുന്നത്.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ക്ഗ്രേയുടെ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐ എം.പി. മുഹമ്മദ് റാഫി, ഇരിങ്ങാലക്കുട എസ്.ഐ വി. ജിഷിൽ, എ.എസ്.ഐമാരായ പി. ജയകൃഷ്ണൻ, ക്ലീറ്റസ് മുഹമ്മദ്, അഷറഫ്, സീനിയർ സി.പി.ഒമാരായ സൂരജ് വി. ദേവ്, ഇ.എസ്. ജീവൻ, സി.പി.ഒമാരായ പി.വി. വികാസ്, എം.വി. മാനുവൽ എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച രാത്രി ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.