തൃശൂർ: കേരള കാർഷിക സർവകലാശാല എൻജിനീയറിങ് വിഭാഗത്തിൽ സർവിസിൽനിന്ന് വിരമിച്ചവർക്ക് നിയമനം നൽകാൻ തീരുമാനം. വെള്ളിയാഴ്ച ഓൺലൈനായി ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച അജണ്ടയെ യു.ഡി.എഫ് അംഗങ്ങൾ പിന്തുണച്ചു. ഇതോടെ വോട്ടെടുപ്പില്ലാതെ വൈസ് ചാൻസലർ പാസാക്കി. എതിർത്ത ഇടതുപക്ഷ അംഗങ്ങളെ അധ്യക്ഷൻ മ്യൂട്ട് ചെയ്ത് നിശ്ശബ്ദരാക്കി.
കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഒന്നോ രണ്ടോ തവണ ഓൺലൈനായി യോഗം ചേർന്നതൊഴികെ പിന്നീടെല്ലാം ഓഫ്ലൈനായാണ് ചേർന്നിരുന്നത്. എന്നാൽ, വെള്ളിയാഴ്ച പ്രത്യേക സാഹചര്യമൊന്നും ഇല്ലാതെ ഓൺലൈനായി യോഗം ചേരുകയായിരുന്നു. അജണ്ടയോട് എതിർപ്പുള്ളവരെ നിശ്ശബ്ദരാക്കാനാണ് ഓൺലൈൻ യോഗം ചേർന്നതെന്ന് അംഗങ്ങളായ ഡോ. പി.കെ. സുരേഷ് കുമാർ, എൻ. കൃഷ്ണദാസ്, പി. നിധീഷ്, എസ്. സമ്പത്ത്, ടി.വി. സതീഷ് കുമാർ എന്നിവർ കുറ്റപ്പെടുത്തി. ഉയർന്ന യോഗ്യതയും ജോലിപരിചയവുമുള്ള യുവാക്കളെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയോഗിക്കാമെന്നിരിക്കെ അവരെ ഇരുട്ടത്ത് നിർത്തുന്നതാണ് വിരമിച്ചവരുടെ പുനർ നിയമനം.
വിരമിച്ചവരെ വീണ്ടും നിയമിക്കുന്നതിന് എതിരായ 129ാം ജനറൽ കൗൺസിൽ യോഗ തീരുമാനവും യുവജനങ്ങൾക്ക് തൊഴിലവസരം സൃഷ്ടിക്കുകയെന്ന ഇടത് സർക്കാറിന്റെ പ്രഖ്യാപിത നയവും ലംഘിച്ചെന്നും അവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.