തൃശൂര്‍: കെ-റെയില്‍ പദ്ധതി വേണ്ടെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും വരെ പദ്ധതിക്കെതിരായ യു.ഡി.എഫ് സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 'കെ-റെയില്‍ വേണ്ട കേരളം മതി' എന്ന മുദ്രാവാക്യമുയര്‍ത്തി യു.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ സദസ്സുകളുടെ ജില്ലതല ഉദ്ഘാടനം കൊട്ടേക്കാട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി വീട് നഷ്ടമാകുന്നവര്‍ മാത്രമല്ല കേരളം മുഴുവന്‍ കെ-റെയിലിന്റെ ഇരകളാണ്. സാമ്പത്തികമായും പാരിസ്ഥിതികമായും ഒട്ടേറെ ആഘാതങ്ങള്‍ കേരളത്തിന് വരുത്തിവെക്കുന്ന പദ്ധതിയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കമീഷന്‍ മാത്രമാണ്. കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈനിനെതിരെ ശബ്ദിച്ചില്ലെങ്കില്‍ ഭാവിതലമുറ പ്രതിപക്ഷത്തെ വിചാരണ ചെയ്യും. പൂർണമായും കള്ളങ്ങള്‍ എഴുതിവെച്ചതാണ് ഡി.പി.ആര്‍. കൊട്ടക്കണക്കിലാണ് പദ്ധതിച്ചെലവിനെക്കുറിച്ച് പറയുന്നത്. 64,000 കോടി രൂപയാണ് ചെലവെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ നിതി ആയോഗ് പറയുന്നത് 1,33,000 കോടി രൂപയാണ്. പൊലീസ് ജീപ്പിന് ഡീസലടിക്കാന്‍ പണമില്ലാത്ത സര്‍ക്കാറാണ് കോടികളുടെ കണക്കുകള്‍ പറയുന്നത്. മുന്‍ഗണന നല്‍കിയാവണം വികസനപദ്ധതികള്‍ നടപ്പാക്കേണ്ടത്. 2017ലെ പ്രളയത്തിനു ശേഷം കേരളത്തിന്റെ വികസന കാഴ്ചപ്പാട് വ്യത്യസ്തമാണ്. സന്തുലിതവും സുസ്ഥിരവുമായ വികസനമാണ് വികസനത്തിന്റെ പുതിയ കാഴ്ചപ്പാട്. കെ-റെയിലിലൂടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്നത് വിനാശകരമായ വികസനമാണെന്നും സതീശന്‍ പറഞ്ഞു.
യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി, എം.പിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ, എം.പി. വിന്‍സന്റ്, പി.എ. മാധവന്‍, അനില്‍ അക്കര, കെ.ആര്‍. ഗിരിജന്‍, എം.പി. പോളി, എന്‍.എ. സാബു, പി.എം. അമീര്‍, സി.വി. കുര്യാക്കോസ്, പി.ആര്‍.എന്‍. നമ്പീശന്‍, കെ.എസ്. ഹംസ, പി.എം. ഏല്യാസ്, സലീം, പി. മാത്യു, രാജേന്ദ്രന്‍ അരങ്ങത്ത്, സുനില്‍ അന്തിക്കാട്, ജോസഫ് ടാജറ്റ്, കെ. അജിത്കുമാര്‍, മനോജ് ചിറ്റിലപ്പിള്ളി, തോമസ്, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, കെ.ബി. ശശികുമാര്‍, സി.എസ്. ശ്രീനിവാസന്‍, സി.സി. ശ്രീകുമാര്‍, ജിജോ കുര്യന്‍, കെ. ഗോപാലകൃഷ്ണന്‍, ഡോ. മാര്‍ട്ടിന്‍ പോള്‍, മാര്‍ട്ടിന്‍ കൊട്ടേക്കാട്, എം.എ. രാമകൃഷ്ണന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.