ചാലക്കുടി: ചാലക്കുടിയിൽ മാലിന്യ നിർമാർജന പ്രവർത്തനം ഊർജിതമാക്കാനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ നടപടി ശക്തമാക്കാനും നഗരസഭ തീരുമാനം. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തിയതിനെ തുടർന്ന ഹൈകോടതി വിധിയുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ നടപ്പിലാക്കേണ്ട നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭയിൽ അടിയന്തിര കൗൺസിൽ യോഗം ചേർന്നിരുന്നു.
നഗരസഭ അതിർത്തിയിൽ നിരോധിത പ്ലാസ്റ്റിക് വിൽപന നടത്തുന്നതും ഉപയോഗിക്കുന്നതും ശക്തമായി തടയും. നഗരസഭ ഹാളുകളിലും സ്വകാര്യ ഹാളുകളിലും നിരോധിത പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തും.
ഇത്തരം കാര്യങ്ങളിൽ ലംഘനമുണ്ടായാൽ ഹാളിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കും. വ്യാപാര സ്ഥാപനങ്ങളും തെരുവ് കച്ചവടക്കാരും നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ വിൽക്കുകയോ വിതരണം ചെയ്യുകയോ ഉണ്ടായാൽ പിഴ ഉൾപ്പടെ കർശന നടപടി സ്വീകരിക്കും.
നഗരസഭ അതിർത്തിയിൽ കാറ്ററിങ് സർവിസുകൾ നടത്തുന്നവരും പരിപാടികൾ ഏറ്റെടുത്ത് നടത്തുന്നവരും നിരോധിത സാധനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തും. ഇത് ലംഘിക്കുന്ന കാറ്ററിങ് സർവിസുകൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കും. ഇറച്ചി വിൽപനശാലകളിലെ അറവ് പൂർണമായും നിരോധിക്കും.
നഗരസഭയുടെ മാർക്കറ്റ് അറവുശാലയിൽ മാത്രമെ ഇനി മാടുകളെ അറക്കാൻ അനുവദിക്കൂ. നഗരസഭ അതിർത്തിയിലെ പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന വ്യക്തികൾക്കും വാഹനങ്ങൾക്കും എതിരെ പരമാവധി പിഴയും മറ്റ് നിയമ നടപടിയും ഉണ്ടാകും.
മാലിന്യ നിക്ഷേപവും നിരോധിത സാധനങ്ങൾ വിതരണം ചെയ്യുന്നതും തടയാൻ പ്രത്യേക ഹെൽത്ത് സ്ക്വാഡ് രൂപവത്കരിക്കും. ഹരിത കർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കാനും വിൽപന നടത്താനുമുള്ള എം.സി.എഫ്, ആർ.ആർ.എഫ് എന്നിവയുടെ പ്രവർത്തനം വിപുലപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.