തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യസംസ്കരണം വിലയിരുത്താൻ ജനകീയ ഓഡിറ്റിങ്ങിന് നിർദേശം. ഹൈകോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജനകീയ ഓഡിറ്റിങ്ങിന് ഗ്രാമവികസന വകുപ്പ് പ്രിൻസിപ്പൽ കമീഷണർ എം.ജി. രാജമാണിക്യം നിർദേശിച്ചത്. ജനകീയ ഓഡിറ്റ് സംഘത്തിന്റെ പരിശീലനശേഷം ഏപ്രിൽ 15 മുതൽ ജൂലൈ 15 വരെയാകും ഓഡിറ്റ്. ഇതിനുമുമ്പ് മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും നിർദേശിച്ചു. മാലിന്യരഹിത ഇടത്തിന്റെ പ്രഖ്യാപനങ്ങൾ മേയ് 15 മുതലും മാലിന്യരഹിത വാർഡുകളുടെ പ്രഖ്യാപനം 20 മുതലും നടക്കും.
ഹൈകോടതി നിർദേശമനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യസംസ്കരണ പദ്ധതികൾ സമയക്രമമനുസരിച്ച് പൂർത്തിയാക്കാനും വിലയിരുത്താനും ഗ്രാമവികസന വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഓഫിസിൽ വാർ റൂം തുടങ്ങി. തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യസംസ്കരണ പുരോഗതികളുടെ പ്രതിദിന റിപ്പോർട്ട് ദിവസവും വൈകീട്ട് മൂന്നിന് മുമ്പ് ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയ പോർട്ടലിൽ നൽകാൻ നിർദേശം നൽകി. പരിസ്ഥിതിദിനത്തിന് മുമ്പ് പരമാവധി മാലിന്യസംസ്കരണ പ്രവർത്തനങ്ങളും കാമ്പയിനുകളും പൂർത്തിയാക്കി മാലിന്യരഹിത ഇടത്തിന്റെയും മാലിന്യരഹിത വാർഡുകളുടെയും പ്രഖ്യാപനം നടത്താനുള്ള പദ്ധതികൾ കൈക്കൊള്ളണം.
തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിദിന റിപ്പോർട്ട് സംബന്ധിച്ച് വൈകീട്ട് ആറിന് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓൺലൈൻ വിലയിരുത്തൽ യോഗം നടത്തും. ജില്ല ജോയന്റ് ഡയറക്ടർമാർ ജില്ലകളിലെ കണക്കുകളും പുരോഗതിയും നേട്ടങ്ങളും യോഗത്തിൽ അവതരിപ്പിക്കണം. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ജനകീയ ഓഡിറ്റ് സംബന്ധിച്ച മാർഗരേഖ ഏപ്രിലിൽ ഇറങ്ങും. മാർച്ച് 31ന് മാലിന്യസംസ്കരണ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. മാലിന്യക്കൂനകൾ മേയ് 25ന് മുമ്പും ജലമാലിന്യം മേയ് അഞ്ചിനുമുമ്പും നീക്കണം. മാലിന്യസംസ്കരണം ഉടൻ പൂർത്തിയാക്കേണ്ടവ, ദീർഘകാല പ്രവർത്തനം ആവശ്യമുള്ളവ എന്നിങ്ങനെ തിരിച്ചാണ് സമയക്രമം നിശ്ചയിച്ചത്. സംസ്കരണപ്രവർത്തനങ്ങൾ നിരീക്ഷിച്ച് തദ്ദേശ സ്ഥാപനങ്ങളെ മോശം, തരക്കേടില്ല, മികച്ചത് തുടങ്ങിയവ തിരിച്ച് ഗ്രേഡ് നൽകാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.