മാള: ‘മറവിൽ തിരിവിൽ സൂക്ഷിക്കുക, ഒരു പാലമുണ്ട്’ ഇങ്ങനെ ഒരു ബോർഡ് എഴുതിവെക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. മാള-കൊടുങ്ങല്ലൂർ റോഡിൽ ആനാപുഴ കൃഷ്ണൻകോട്ട പാലത്തിന് സമീപമാണ് അപകടം ഒളിഞ്ഞിരിക്കുന്നത്. കൊടുങ്ങല്ലൂരിൽനിന്ന് വരുമ്പോൾ 500 മീറ്ററോളം ദൂരം കഴിഞ്ഞാൽ റോഡ് അവസാനിക്കുന്നത് പുഴയോരത്താണ്. പെട്ടെന്ന് ഇടത്തോട്ട് തിരിഞ്ഞ് വേണം പാലത്തിലേക്ക് പ്രവേശിക്കാൻ. അപ്രോച്ച് റോഡ് നിർമാണത്തിലെ അപാകത ഇവിടെ അപകടം വിളിച്ചുവരുത്തുകയാണ്.
രാത്രികാലങ്ങളിൽ വാഹനങ്ങൾ അത്ഭുതകരമായാണ് ഇവിടെ അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്. രാത്രിസമയത്തും കാണുന്ന രീതിയിൽ ദിശാബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം പരിഹരിക്കപ്പെട്ടിട്ടില്ല. കൃഷ്ണൻകോട്ട ആനാപ്പുഴ പാലം നിർമാണം നടക്കുമ്പോൾ ഫെറി സംവിധാനം നിലവിൽ ഉണ്ടായിരുന്നു. ഇതിന് കുറുകെയാണ് പാലം വന്നതെങ്കിലും അപ്രോച്ച് റോഡ് നിർമാണത്തിൽ സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ടുകൊടുത്തില്ലെന്ന് അറിയുന്നു.
ഇതേ തുടർന്നാണ് റോഡ് വളവോടെ നിർമിച്ചതെന്ന് പറയുന്നു. കൊടുങ്ങല്ലൂരിൽനിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ ഇതുവഴിയാണ് പോകുന്നത്. പുഴ തീരത്ത് മത്സ്യ സംസ്കരണ കേന്ദ്രം പ്രവർത്തിക്കുന്നതിനാൽ ഇവിടെ സംരക്ഷണ ഭിത്തി നിർമിക്കാനാവില്ല. മഴക്കാലത്തിന് മുമ്പായി ദിശാബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം പരിഹരിച്ചില്ലങ്കിൽ സ്വന്തം ചിലവിൽ ബോർഡ് സ്ഥാപിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.