കോൾമേഖലയിൽ ജലപ്രതിസന്ധി; താമരവളയം ബണ്ട് നിർമാണം പാതിവഴിയിൽ

തൃശൂർ: ജില്ലയിലെ കോൾമേഖല ജലപ്രതിസന്ധിയിൽ. കോൾമേഖലയിലേക്ക് വെള്ളമെത്തിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി തയാറാക്കി നിർമാണം തുടങ്ങിയ താമരവളയം ബണ്ട് നിർമാണം ഇഴയുകയാണ്. ഏറെനാൾ മുമ്പ് തുടങ്ങിയ നിർമാണം എതിർപ്പുകളെ തുടർന്ന് പൂർത്തീകരിക്കാനാവുന്നില്ലെന്നാണ് ജലസേചന വകുപ്പ് പറയുന്നത്.

ജില്ലയിലെ കോൾമേഖല ചിമ്മിനിയിൽനിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ചിമ്മിനിയിൽനിന്ന് മുരിയാട് ഭാഗത്തുകൂടി ഒഴുകിയെത്തി കൂത്തുമാക്കൽ റെഗുലേറ്ററിലെത്തി കനോലി കനാലിലൊഴുകി പോകുകയാണ്. ഇത് കോൾ മേഖലയുടെ വടക്കൻ ഭാഗങ്ങളിലെ കൃഷി ഉണങ്ങാനിടയാക്കുന്നു. ഇതൊഴിവാക്കാനാണ് താമരവളയം ബണ്ട് നിർമാണത്തിന് തീരുമാനിച്ചത്.

കോൾ കൃഷി മേഖലയിൽ ജലപ്രതിസന്ധി അനുഭവപ്പെട്ടു തുടങ്ങിയിരിക്കെ, താമരവളയം ബണ്ട് നിർമാണം പൂർത്തീകരിക്കാനോ ബദൽ മാർഗങ്ങൾ എന്തെന്ന് പരിശോധിക്കാനോ ഇറിഗേഷൻ വകുപ്പിന് കഴിഞ്ഞിട്ടില്ല. ബണ്ട് പണിതീർക്കാതെ ചിമ്മിനിയിൽനിന്ന് വെള്ളം വന്നാൽ മുരിയാട് ഭാഗത്തുകൂടി തിരിഞ്ഞു ഒഴുകി കൂത്തുമാക്കൽ റെഗുലേറ്ററിൽ കൂടി കാനോലി കനാലിലേക്ക് ഒഴുക്കുകയല്ലാതെ മാർഗമില്ല.

ഗുരുതരമായ പ്രശ്നം ചർച്ച ചെയ്യാനോ പരിഹാരം കാണാനോ കോൾ ഉപദേശക സമിതി യോഗം വിളിച്ചുചേർക്കാനോ ജലസേചന വകുപ്പ് തയാറാവാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് കോൾ കൾഷക സംഘം ജില്ല പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ് പറഞ്ഞു.

ഏനാമാവ് റെഗുലേറ്ററിന്റ മുൻവശം പണി തീർക്കാറുള്ള റിങ് ബണ്ട് പൂർത്തീകരിക്കേണ്ട നടപടികളിലേക്കും കടന്നിട്ടില്ല. റെഗുലേറ്ററിന്റെ പരിസരം ഉപ്പിന്റെ അംശം കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ വർഷത്തെ കോൾ കൃഷി രക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും കൊച്ചുമുഹമ്മദ് ആവശ്യപ്പെട്ടു.

Tags:    
News Summary - Water crisis in coal sector-Construction of Thamaravalayam Bund is pending

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.