വാടാനപ്പള്ളി: കനോലി പുഴയും പാടവും പറമ്പുകളും തോടുകളും നിറഞ്ഞൊഴുകി സർവത്ര വെള്ളമുണ്ടായിട്ടും കുടിക്കാൻ ടാപ്പുകളിൽ വെള്ളം എത്തിയിട്ട് നാലുമാസം പിന്നിട്ടു. തളിക്കുളം ചേർക്കര പുഴയോര പ്രദേശവാസികൾക്കാണ് കുടിവെള്ളത്തിനായുള്ള ദുരിതം. വേനലിൽ മേഖലയിൽ കിണർ നിർമിച്ചാൽ ലഭിക്കുന്നത് ഉപ്പുവെള്ളമാണ്. അതിനാൽ പ്രദേശവാസികൾ കിണർ നിർമിക്കാറില്ല.
ഇവിടുത്തുകാർ കുടിവെള്ളത്തിന് ആശ്രയിച്ചുപോരുന്നത് വാട്ടർ അതോറിറ്റിയുടെ ടാപ്പുകളെയാണ്. കടുത്തവേനലായ ഏപ്രിൽ, മേയ് മാസങ്ങളിൽ ടാപ്പുകളിൽ വെള്ളമില്ലാതായതോടെ നാട്ടിക പഞ്ചായത്ത് ഇടപെട്ട് ടെമ്പോയിൽ മേഖലയിലേക്ക് വെള്ളം എത്തിച്ചിരുന്നു.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മഴ തകർത്ത് പെയ്യുമ്പോഴും ടാപ്പുകളിൽ കുടിവെള്ളം ലഭിക്കുന്നില്ല. ഇതോടെ പ്രദേശവാസികൾ 300 രൂപ മുടക്കിയാണ് ടാങ്ക് വെള്ളം കൊണ്ടുവരുന്നത്. പണമില്ലാത്തവർ മഴവെള്ളം ശേഖരിച്ചാണ് കുടിക്കാൻ ഉപയോഗിക്കുന്നത്. മഴയിലും കുടിവെള്ളത്തിന് വലഞ്ഞതോടെ നാട്ടുകാരുടെ ആവശ്യപ്രകാരം ഗീതഗോപി എം.എൽ.എ രണ്ടാഴ്ച മുമ്പ് പ്രദേശത്ത് എത്തിയിരുന്നു. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് എം.എൽ.എ നാട്ടുകാർക്ക് ഉറപ്പ് നൽകി പോയെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.