കണ്ടശ്ശാംകടവ്: ഓണാഘോഷ ഭാഗമായി നടക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്കായുള്ള ജലോത്സവം കണ്ടശ്ശാംകടവ് സൗഹൃദ തീരത്ത് ഒമ്പതിന് നടക്കുമെന്ന് സംഘാടകസമിതി ചെയർമാനും മണലൂർ പഞ്ചായത്ത് പ്രസിഡൻറുമായ പി.ടി. ജോൺസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചുണ്ടൻ വള്ളങ്ങൾക്ക് പുറമെ ചുരുളൻ വിഭാഗത്തിൽ പതിനൊന്നും ഇരുട്ടുകുത്തി വിഭാഗത്തിൽ പത്തും വള്ളങ്ങളാണ് മത്സരരംഗത്തുള്ളത്. വനിത വിഭാഗത്തിൽ ഇത്തവണ രണ്ട് ടീമുകളാണുള്ളത്. നീന്തൽ മത്സരവുമുണ്ട്. കുടുംബശ്രീകളുടെ നേതൃത്വത്തിൽ ഭക്ഷ്യമേളയും തുടങ്ങി. ജലോത്സവ നഗരിയിൽ പൊലീസ്, അഗ്നിരക്ഷാസേന, മെഡിക്കൽ സംഘം, ആംബുലൻസ് എന്നിവയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
സൗഹൃദ തീരവികസനത്തിന്റെ ഭാഗമായി കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് മണലൂർ പഞ്ചായത്ത് ആറ് ലക്ഷം രൂപ ചെലവിൽ വാട്ടർ എ.ടി.എം സ്ഥാപിച്ചിട്ടുണ്ട്. 12 ലക്ഷം രൂപ ചെലവിൽ ടോയ്ലറ്റ് സംവിധാനവും കുട്ടികൾക്കായി പാർക്കും ഒരുക്കിയിട്ടുണ്ട്.കണ്ടശ്ശാംകടവ് ജലോത്സവ പവലിയൻ ദീപാലങ്കാരം നടത്തി. ജില്ല പഞ്ചായത്ത് അങ്ങാടിയിൽനിന്ന് പവലിയനിലേക്കുള്ള റോഡ് 13 ലക്ഷം രൂപ ചെലവിൽ ടൈൽ വിരിച്ച് സൗകര്യം ഏർപ്പെടുത്തിയതായി ഭാരവാഹികൾ പറഞ്ഞു. വാടാനപ്പള്ളി-മണലൂർ പഞ്ചായത്തുകൾ സംയുക്തമായാണ് ജലോത്സവം നടത്തുന്നത്.
ജനപ്രതിനിധികളായ ഷോയി നാരായണൻ, രാഗേഷ് കണിയാംപറമ്പിൽ, ജലവാഹിനി ബോട്ട് ക്ലബ് പ്രസിഡൻറ് കാർത്തികേയൻ, സൈമൺ തെക്കത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.