തൃശൂർ: രാമവർമപുരം മഹിള മന്ദിരത്തിലെ അന്തേവാസിയായ പാർവതിക്ക് വെള്ളിയാഴ്ച മിന്നുകെട്ട്. മഹിള മന്ദിരത്തിന്റെ മുറ്റത്തൊരുക്കിയ പന്തലിൽ ലാലൂർ സ്വദേശി റോയ്സൺ മിന്നുചാർത്തും. ഗുരുവായൂർ ഗുരുബാബ ആശ്രമം പാർവതിക്ക് പത്ത് പവന്റെ ആഭരണങ്ങളും 99,000 രൂപയുടെ ചെക്കും നൽകി.
ആശ്രമം സെക്രട്ടറി പി.കെ. അരവിന്ദാക്ഷൻ, ഗീത അരവിന്ദ്, അഡ്മിനിസ്ട്രേറ്റർ വി.ഐ. രാജേശ്വരി എന്നിവർ ആഭരണങ്ങൾ കൈമാറി.
മഹിള മന്ദിരം ചെയർപഴ്സനും കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷയുമായ ലാലി ജയിംസ്, കൗൺസിലർ ശ്രീലാൽ ശ്രീധരൻ, സൂപ്രണ്ട് പി.എസ്. ഉഷ, മേട്രൺ പി.എം. നിഷ, എം.കെ. വിൽസി, ഇ.എസ്. പ്രീതി എന്നിവരുടെ നേതൃത്വത്തിലാണ് വിവാഹ ഒരുക്കങ്ങൾ നടക്കുന്നത്. മാതാവ് മരിച്ച ശേഷം പാർവതിയും മൂന്ന് സഹോദരങ്ങളും വിവിധ ചിൽഡ്രൻസ് ഹോമുകളിലാണ് വളർന്നത്. രണ്ട് വർഷം മുമ്പാണ് പാർവതി തൃശൂർ മഹിളമന്ദിരത്തിൽ എത്തിയത്.
സ്കൂളിൽ പഠിക്കുമ്പോഴാണ് ലാലൂർ മനയ്ക്കപ്പറമ്പിൽ റോയ്സണെ പരിചയപ്പെട്ടത്. എൽ ആൻഡ് ടി കമ്പനിയിൽ ജോലി ചെയ്യുന്ന റോയ്സൺ പാർവതിയോട് ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം അറിയിച്ചു. തുടർന്ന് റോയ്സൺ മാതാപിതാക്കളുമൊത്ത് മഹിളമന്ദിരത്തിലെത്തി. വിവരം മഹിളാമന്ദിരം സാമൂഹിക ക്ഷേമവകുപ്പിനെയും കോർപറേഷനെയും അറിയിച്ചു. ഉടൻ തന്നെ വിവാഹം തീരുമാനിച്ചു. വ്യാഴാഴ്ച ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് മഹിളമന്ദിരത്തിൽ ആഘോഷരാവായിരുന്നു. ഹൽദിയാഘോഷത്തിന് നാടാകെയെത്തി. വെള്ളിയാഴ്ച രാവിലെ 11നും 12നും ഇടയിലുള്ള മുഹൂർത്തത്തിൽ റോയ്സൺ പാർവതിക്ക് മിന്നുചാർത്തും. സർക്കാർ നിയന്ത്രണത്തിലുള്ള വിവിധ സാമൂഹിക സുരക്ഷ മന്ദിരങ്ങളിലെ അംഗങ്ങൾക്കും നാട്ടുകാർക്കുമായി വിഭവ സമൃദ്ധമായ സദ്യയൊരുക്കിയിട്ടുണ്ട്. വിവാഹത്തിന് മന്ത്രിമാരും കലക്ടറും മേയറും പൊലീസ് മേധാവിമാരുമെല്ലാം പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.