അതിരപ്പിള്ളി: വെട്ടിക്കുഴിയിൽ കാട്ടാന ആക്രമണത്തിൽ അഞ്ച് ഏക്കറിലെ കൃഷി നശിച്ചു. കഴിഞ്ഞദിവസം വെട്ടിക്കുഴിയിൽ പൊറായി വർഗീസ്, പൊറായി ബെന്നി, കാവുങ്ങ ആന്റണി എന്നിവരുടെ വീട്ടുപറമ്പിലാണ് കാട്ടാനയിറങ്ങിയത്.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. 300ഓളം വാഴ, 11 അടക്കാമരം, എട്ട് തെങ്ങ് എന്നിവ നശിപ്പിച്ചു. ഈ മേഖലയിൽ തുടർച്ചയായി കാട്ടാന ആക്രമണം ഉണ്ടാകുന്നുണ്ടെങ്കിലും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ല. തൊട്ടടുത്ത് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസുണ്ടെങ്കിലും നടപടികൾ സ്വീകരിക്കാൻ കിലോമീറ്ററുകൾ അകലെയുള്ള കൊന്നക്കുഴി ബീറ്റ് നിന്നും വനപാലകർ എത്തണമെന്ന ദുരവസ്ഥയാണ്. കർഷകർ പരാതി നൽകിയെങ്കിലും ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ നാശം നേരിട്ട സ്ഥലം സന്ദർശിച്ചില്ലെന്ന പരാതിയുണ്ട്.
സാങ്കേതിക ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രിക്കും ചാലക്കുടി ഡി.എഫ്.ഒക്കും അപേക്ഷ നൽകിയെങ്കിലും തീരുമാനം നീണ്ടുപോകുകയാണ്. വന്യമൃഗ ശല്യംമൂലം കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് ശാശ്വത പരിഹാര നടപടികൾ വേഗത്തിൽ ഉണ്ടാകണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു.
വൈദ്യുത തൂക്കുവേലി നിർമാണം എത്രയും വേഗത്തിൽ സ്ഥാപിക്കണമെന്ന് കൃഷി നാശം നേരിട്ട സ്ഥലം സന്ദര്‍ശിച്ച കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി എം.ഡി. വർഗീസ്, കോടശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.ഒ. ജോൺസൺ, സെക്രട്ടറിമാരായ റിൻസൺ മണവാളൻ, ടി.എൽ. ദേവസി, പരിയാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം കെ.എം. ജോസ്, ബൂത്ത് പ്രസിഡന്റ് വി.ഒ. ജോസ് എന്നിവർ ചാലക്കുടി ഡി.എഫ്.ഒയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.