തൃശൂർ: ഗുരുവായൂര്‍ മണ്ഡലം യുവമോര്‍ച്ച സെക്രട്ടറിയും പെരിയമ്പലം സ്വദേശിയുമായ മണികണ്ഠനെ (32) കൊലപ്പെടുത്തിയ കേസിെൻറ വിചാരണ പൂര്‍ത്തിയായി. വിധി തൃശൂര്‍ നാലാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. ഭാരതി വെള്ളിയാഴ്ച പ്രസ്താവിക്കും. എന്‍.ഡി.എഫ് പ്രവര്‍ത്തകരായിരുന്ന ഖലീല്‍, കടപ്പുറം നസറുല്ല തങ്ങള്‍, പുന്നയൂര്‍ക്കുളം പെരിയമ്പലം ഷമീര്‍, കൽപകഞ്ചേരി അബ്ദുൽ മജീദ്, തിരുനാവായ ജാഫര്‍, തിരുവത്ര റജീബ്, അണ്ടത്തോട് ബീച്ച് റോഡ് ലിറാര്‍, പെരുമ്പടപ്പ് റഫീഖ്, പുന്നയൂര്‍ക്കുളം മജീദ് എന്നിവരാണ് കേസിലെ പ്രതികള്‍.
2004 ജൂണ്‍ 12നാണ് കേസിനാസ്പദമായ സംഭവം. പെരിയമ്പലം യത്തീംഖാന റോഡിന് സമീപം സുഹൃത്തുമായി സംസാരിച്ചു നില്‍ക്കവെ പ്രതികൾ മണികണ്ഠനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പേരാമംഗലത്ത് നടന്ന ആര്.എസ്.എസ് ശിബിരത്തിലേക്ക് അതിക്രമിച്ചു കയറി രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചതിന് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ റജീബ്, ലിറാര്‍ എന്നിവരെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മർദിച്ച വിരോധം കാരണമാണ് മണികണ്ഠനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
2014 ജനുവരിയില്‍ വിചാരണ ആരംഭിച്ചതാണെങ്കിലും, പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മണികണ്ഠെൻറ സഹോദരനായ പി.വി. രാജന് സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഉത്തരവാകുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിനി പി. ലക്ഷ്മണ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.