ആറ്റിങ്ങൽ: ജില്ലയിലെ മികച്ച പൊതു വിദ്യാലയത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന മികവ് - 2022 പുരസ്കാരം തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്. ഹൈസ്കൂൾ വിഭാഗം അക്കാദമിക- അക്കാദമികേതര മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.7 ശതമാനം വിജയം നേടുകയും 106 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ സർക്കാർ സ്കൂളിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ലഭിച്ചത് സ്കൂളിനായിരുന്നു. ‘ഞാനും എന്റെ കുട്ടിയും’ ഉൾപ്പെടെ സ്കൂളിന്റെ തനത് പദ്ധതികളും അവാർഡിന് സഹായകമായി. ഓരോ അധ്യാപകരും ക്ലാസിലെ വിദ്യാർഥികളുടെ ഭവന സന്ദർശനം നടത്തി കുടുംബ അവസ്ഥ മനസ്സിലാക്കി കുട്ടികൾക്ക് ശ്രദ്ധ നൽകുന്നതാണ് പദ്ധതി. മികവ് - 2022 ജഡ്ജിങ് കമ്മിറ്റിയും ഈ പദ്ധതിയെ പ്രത്യേകം പ്രശംസിച്ചിട്ടുണ്ട്.
വിക്ടേഴ്സ് ചാനലിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാലയങ്ങളിലൊന്നാണ് തോന്നയ്ക്കൽ സ്കൂൾ. പഠനേതര പ്രവർത്തനങ്ങളിലും മാതൃക പ്രവർത്തനങ്ങളാണ് സ്കൂളിനുള്ളത്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി, എൻ.എസ്.എസ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ യൂനിറ്റുകളും പ്രവർത്തിക്കുന്നു. ഈ വർഷം മികച്ച പി.ടി.എക്കുള്ള ജില്ലതല പുരസ്കാരവും സ്കൂൾ സ്വന്തമാക്കിയിരുന്നു. കൂട്ടായ പരിശ്രമമാണ് സ്കൂളിന്റെ മുന്നേറ്റത്തിന് പിന്നിലെന്ന് ഹെഡ്മാസ്റ്റർ സുജിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.