തിരുവനന്തപുരം: വി.കെ. പ്രശാന്ത് എം.എല്‍.എ നേതൃത്വം നല്കുന്ന വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡിന് കോര്‍പറേഷന്റെ ഉടമസ്ഥതയിലെ കടമുറി അനുവദിച്ചതിനെച്ചൊല്ലി കൗൺസിൽ യോഗത്തില്‍ എല്‍.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ തമ്മില്‍ വാക്പോര്. ബി.ജെ.പി കൗണ്‍സിലര്‍ നന്ദ ഭാര്‍ഗവ് നല്കിയ അപേക്ഷ പരിഗണിക്കാതെ സി.പി.എം അനുകൂല ചാരിറ്റി സംഘടനക്ക് മുറി നല്‍കാനുള്ള അജന്‍ഡയെ ബി.ജെ.പി അംഗങ്ങള്‍ ചോദ്യംചെയ്തു.
നടപടി ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് അവര്‍ മുദ്രാവാക്യം വിളിച്ചു. സേവനപ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിയ സംഘടനയെ ഒഴിവാക്കുന്നത് രാഷ്ട്രീയ ലക്ഷ്യമാണെന്ന് എല്‍.ഡി.എഫ് തിരിച്ചടിച്ചു. രണ്ടാം നമ്പർ മുറിതന്നെ വേണമെന്ന കൗൺസിലറുടെ പിടിവാശി രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ളതാണെന്നും മുൻ കൗൺസിലർ വാർഡ് ഓഫിസായി ഉപയോഗിച്ച എട്ടാം നമ്പർ മുറി ഒഴിഞ്ഞുകിടപ്പുണ്ടെന്നും ഇത് നൽകാമെന്നും മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ പറഞ്ഞു.
കോര്‍പറേഷന്റെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ടിലെ കണക്കുകളില്‍ കടന്നുകൂടിയ പിഴവും ബി.ജെ.പി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മുന്‍ വര്‍ഷത്തെ റിപ്പോര്‍ട്ടിലെ തുകകള്‍ ആവര്ത്തിച്ചതടക്കം തെറ്റുകൾ ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങള്‍ വിശദീകരിച്ചു. റിപ്പോര്‍ട്ടിലെ പിശകുകള്‍ പരിശോധിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേന്ദ്രം 31 കോടി രൂപ ഇതുവരെ നല്‍കിയില്ലെന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ സലീം മറുപടി നല്കി.
ഡോക്ടര്‍, നഴ്സ്, ഫാര്‍മസിസ്റ്റ് പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയെന്നും ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. തിരുവനന്തപുരത്തെ സമാധാനനഗരമെന്ന ഖ്യാതിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
അക്രമങ്ങളും കുറ്റകൃത്യങ്ങളും പരമാവധി കുറക്കുക, ജനങ്ങളുടെ ജീവിത നിലവാരമുയര്‍ത്തുക, നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ നടപടികളാണെടുക്കുക. 10 വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കും. ഇതുസംബന്ധിച്ച കില നിര്‍ദേശം കൗണ്‍സില്‍ അംഗീകരിച്ചു.
കുറഞ്ഞ നിരക്കിൽ ശുദ്ധജല വിതരണം; ചുമതല കുടുംബശ്രീക്ക്
തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ ശുദ്ധജലം വിതരണം ചെയ്യാനുള്ള പദ്ധതിക്ക് കോർപറേഷൻ കൗണ്‍സിലിന്റെ അംഗീകാരം. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ണന്തല വാര്‍ഡിലെ വയമ്പാച്ചിറ കുളത്തില്‍ 75 ലക്ഷംരൂപ ചെലവഴിച്ചാണ് ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചത്. ഇതിനോട് ചേര്‍ന്ന് കുഴല്‍ കിണര്‍ കൂടി സ്ഥാപിക്കും. പ്രതിദിനം 1000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതാണ് പദ്ധതി. 20 ലിറ്റര്‍ വീതമുള്ള കാനുകളിലാക്കിയാണ് വെള്ളം നല്‍കുന്നത്. വിപണി വിലയെക്കാള്‍ കുറച്ച് നല്‍കുകയാണ് ലക്ഷ്യം. ഓരോ കാനും വിറ്റുകിട്ടുന്നതില്‍ നിന്ന് രണ്ടുരൂപ വീതം കോർപറേഷന് ലഭിക്കും.
കോർപറേഷൻ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാസംതോറും പരിശോധിച്ച് ഉറപ്പാക്കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.