തിരുവനന്തപുരം: വെള്ളിയാഴ്ച പുലർച്ചയും പകലുമായി പെയ്ത മഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കാരണമായി. ജില്ലയിൽ മഞ്ഞ അലർട്ടായിരുന്നു വ്യാഴാഴ്ച കാലാവസ്ഥവകുപ്പ് പ്രവചിച്ചിരുന്നത്. പകൽ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും രാത്രിയോടെ ജില്ലയിലെ മിക്കയിടത്തും കനത്ത മഴ ലഭിച്ചു. വെള്ളിയാഴ്ച പുലർച്ച ആരംഭിച്ച മഴ തോർന്നുനിന്നെങ്കിലും ഉച്ചയോടെ തലസ്ഥാന നഗരത്തിലടക്കം തീവ്രമായി. റോഡുകളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് വാഹന, കാൽനടയാത്രക്ക് ബുദ്ധിമുട്ടായി. ദേശീയപാത സർവിസ് റോഡിൽ വെള്ളം കയറിയതും ദുരിതം വർധിപ്പിച്ചു.
ബൈപാസ് സർവിസ് റോഡുകളിൽ ചെറിയമഴയിൽപോലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം ദുഷ്കരമാവുന്നത് പതിവായിട്ടും അധികൃതർ ഇടപെടാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മഴ കനത്തശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പ്രവചിക്കുന്ന ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചത്. മലയോരമേഖലയിൽ മഴ കനത്തതോടെ പേപ്പാറ ഡാമിന്റെ ഒന്നുമുതൽ നാലുവരെ ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി.
നേരത്തേ 100 സെന്റി മീറ്റർ ഉയർത്തിയിരുന്ന അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 50 സെന്റീമീറ്റർ കൂടി (ആകെ 150 സെന്റിമീറ്റർ) ഉയർത്തി. ഇരുഡാമുകളുടെയും സമീപത്തുതാമസിക്കുന്നവർക്ക് ജില്ല ഭരണകൂടം ജാഗ്രതാനിർദേശവും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.