വെള്ളമുണ്ട: രേഖകളിൽ കൃത്രിമം നടത്തി സ്ഥലം വിൽപനക്ക് ഉദ്യോഗസ്ഥരുടെ ഒത്താശ. കോടതിയില്‍ അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന വെള്ളമുണ്ട വില്ലേജിലെ 57 /ഒന്ന് എ/ ഒന്ന് എ സർവേ നമ്പറില്‍പെട്ട 1.06 ഏക്കര്‍ ഭൂമിയുടെ വിൽപന നടത്തിയതുമായി ബന്ധപ്പെട്ടാണ് വെള്ളമുണ്ട വില്ലേജ് ഓഫിസറുടെ ചുമതലയുണ്ടായിരുന്ന വി. യു. ജോണ്സന്, വെള്ളമുണ്ട സബ് രജിസ്ട്രാര്‍ ചുമതലയുള്ള അനീഷ് എന്നിവര്‍ക്കെതിരെ പരാതി ഉയര്‍ന്നത്. ബന്ധുക്കൾ ഹൈകോടതിയെ സമീപിച്ചു.
ഭൂമി വില്‍പ്പന നടത്താന്‍ വില്ലേജ് ഓഫിസറും രജിസ്ട്രാറും വഴിവിട്ട് കൂട്ടുനിന്നതായി സ്ഥലം ഉടമയുടെ ബന്ധുകൾ ആരോപിക്കുന്നു. അവകാശത്തര്‍ക്കം സംബന്ധിച്ച് കേസുകള്‍ കേരള ഹൈകോടതിയിലും സുൽത്താൻ ബത്തേരി കോടതിയിലും നിലനില്‍ക്കുന്നതിനാല്‍ തണ്ടപ്പേര് നല്‍കേണ്ടതില്ലെന്ന് ജില്ല കലക്ടറുടെ നിർദേശപ്രകാരം ഭൂരേഖാ തഹസില്‍ദാര്‍ 2021 ഡിസംബറില്‍ വില്ലേജ് ഓഫിസര്‍ക്ക് നിർദേശം നല്‍കിയിരുന്നു.
ഇത് ലംഘിച്ചാണ് വില്ലേജ് ഓഫിസര്‍ രേഖകള്‍ നല്‍കിയത്. രേഖകളില്‍ സുൽത്താൻ ബത്തേരി കോടതിയില്‍ കേസ് നിലനില്‍ക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും ഇത് പരിഗണിക്കാതെയാണ് രിജിസ്ട്രാര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കിയത്.
ഇതിന് ശേഷം പുതിയ അവകാശി പോക്കുവരവിന് വേണ്ടി അപേക്ഷിച്ചപ്പോഴും കേസ് സംബന്ധിച്ച വിവരങ്ങളൊന്നും നല്‍കാതെ ഭൂമിയുടെ രേഖകള്‍ ശരിപ്പെടുത്തി നല്‍കുകയും ചെയ്തെന്നാണ് ആക്ഷേപം. രജിസട്രേഷന് റദ്ദ് ചെയ്ത് കോടതി അലക്ഷ്യം പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടു പരാതിക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
രേഖകളിൽ കൃത്രിമം കാണിച്ച് സ്ഥലം രജിസ്ട്രേഷൻ നടത്തിയതായി പരാതി വിവാദമായതോടെ പോക്കുവരവ് റദ്ദാക്കാൻ ഇപ്പോഴത്തെ വില്ലേജ് ഓഫീസർ റിക്വസ്റ്റ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.