കൽപറ്റ: കോവിഡ് കാലത്തും ജില്ലയിലെ ആരോഗ്യമേഖലയിൽ സുപ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി ആക്ഷേപം.
ആരോഗ്യ വകുപ്പിന് ഭരണപരമായ നേതൃത്വം കൊടുക്കേണ്ട അഡ്മിനിസ്േട്രറ്റിവ് കേഡറിലെ തസ്തികകൾ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയാണെന്ന് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടി. ഈ തസ്തികകളിൽ നിയമനങ്ങൾ നടക്കാത്തതിനാൽ സ്പെഷാലിറ്റി വിഭാഗം ഡോക്ടർമാർക്കാണ് താൽക്കാലിക ചുമതല. ജില്ല മെഡിക്കൽ ഓഫിസിൽ പ്രധാനപ്പെട്ട രണ്ട് തസ്തികകളിൽ സ്ഥിരം നിയമനം നടന്നിട്ടില്ല. പകർച്ചവ്യാധി വ്യാപന കാലഘട്ടത്തിൽ സുപ്രധാന പങ്കു വഹിക്കേണ്ട ജില്ല സർവൈലൻസ് ഓഫിസറുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡി.എം.ഒ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.
പകരം ചുമതല നൽകിയിരിക്കുന്നത് അസിസ്റ്റൻറ് സർജൻ തസ്തികയിലുള്ള ഒരു മെഡിക്കൽ ഓഫിസർക്കാണ്. പകർച്ചവ്യാധികളുടെയും മഴക്കാല രോഗങ്ങളുടെയും പശ്ചാത്തലത്തിൽ നിർണായകമായ ഈ തസ്തികയിൽ സ്ഥിരം നിയമനം നടക്കാത്തത് പ്രതിഷേധാർഹമാണെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ പറയുന്നു.
ആർ.സി.എച്ച് ഓഫിസറുടെ തസ്തികയിലും സ്ഥിരം നിയമനമായിട്ടില്ല. കൂടാതെ, ജില്ലയിലെ ആരോഗ്യപരിപാലനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികളിലെ സൂപ്രണ്ട് തസ്തികകളിലും ആളില്ല.
ഇവിടെ സ്പെഷാലിറ്റി ഡോക്ടർമാർക്കാണ് സൂപ്രണ്ടി െൻറ ചുമതല. ഇത് സ്പെഷാലിറ്റി സേവനങ്ങളെ ബാധിക്കുന്നുണ്ട്.
കൽപറ്റ ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയും മാനന്തവാടി ജില്ല ആശുപത്രിയിലെ ആർ.എം.ഒ തസ്തികയും ഒഴിഞ്ഞു കിടക്കുന്നു.
ജില്ലയിലെ ഏക കോവിഡ് ആശുപത്രിയായ മാനന്തവാടി ജില്ല ആശുപത്രിയിൽ ജനറൽ സർജനും കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറുമായ ഡോ. സക്കീറിനാണ് ആർ.എം.ഒയുടെ താൽക്കാലിക ചുമതല. സുപ്രധാന ആശുപത്രികളിലെല്ലാം സ്പെഷലിസ്റ്റുകളുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. മാനന്തവാടി ജില്ല ആശുപത്രിയിൽ കൺസൽട്ടൻറ് ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, ഇ.എൻ.ടി സർജൻ എന്നീ തസ്തികകളിൽ ആളില്ല. വൈത്തിരി താലൂക്ക് ആശുപത്രിയിൽ കൺസൽട്ടൻറ് ഫിസിഷ്യൻ, ഗൈനക്കോളജിസ്റ്റ് തസ്തികകളിലും ആളില്ല. കോവിഡ് രോഗികൾ വർധിച്ചാൽ, ഒരു കോവിഡ് ആശുപത്രി കൂടി ജില്ലയിൽ തുറക്കേണ്ടിവരും.
എന്നാൽ ഇതിനാവശ്യമായ മനുഷ്യവിഭവശേഷി ജില്ലക്ക് ഇല്ല എന്നതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിൽ അഡ്മിനിസ്േട്രറ്റിവ് സ്പെഷാലിറ്റി കേഡറുകളിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നും കെ.ജി.എം.ഒ.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.