കൽപറ്റ: കോവിഡ് പ്രതിസന്ധിയിൽ തുടർച്ചയായ രണ്ടാംവർഷവും അധ്യയനം ഓൺലൈനിൽ ആരംഭിച്ചെങ്കിലും വിദ്യാർഥികളെ സുരക്ഷിതമായി സ്കൂളിലേക്കും തിരികെ വീടുകളിലേക്കും എത്തിച്ചിരുന്ന ബസ് ഡ്രൈവർമാർ പടിക്കുപുറത്താണ്. എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ ബസ് ജീവനക്കാരാണ് പണിയും ശമ്പളവുമില്ലാതെ ഒന്നര വർഷമായി ദുരിതജീവിതം നയിക്കുന്നത്. ഓട്ടം നിലച്ചതോടെ സ്കൂൾ ബസുകളും നാശത്തിെൻറ വക്കിലാണ്. വരുമാനമില്ലാതെ വന്നതോടെ ബസുകളുടെ സംരക്ഷണം സ്കൂൾ അധികൃതർക്ക് ബാധ്യതയായി.
തുച്ഛവേതനമാണ് ലഭിച്ചിരുന്നതെങ്കിലും പലരും വർഷങ്ങളായി ഈ മേഖലയിൽ ജോലിയെടുക്കുന്നവരാണ്. അതുകൊണ്ടു തന്നെ മറ്റു ജോലികളൊന്നും അറിയില്ല. ജില്ലയിൽ ഏകദേശം 500ഓളം പേരാണ് സ്കൂൾ ബസുകൾ ഓടിച്ച് ഉപജീവനം നടത്തിയിരുന്നത്. അൺ എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകളിൽ മാനേജ്മെൻറാണ് ബസ് ഡ്രൈവർമാർക്കും സഹായികൾക്കും ശമ്പളം നൽകിയിരുന്നത്. എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരുടെയും പി.ടി.എയുടെയും സഹായത്തോടെയാണ് വേതനം നൽകുന്നത്. കഴിഞ്ഞവർഷം ലോക്ഡൗണിെൻറ ആദ്യഘട്ടത്തിൽ പല സ്കൂളുകളും പകുതി ശമ്പളം നൽകിയിരുന്നു. എന്നാൽ, കുട്ടികൾ സ്കൂളിലേക്ക് വരാതായതോടെ യാത്ര ഫീസ് കിട്ടുന്നില്ല.
ഈ സാഹചര്യത്തിൽ വേതനം നൽകുക അസാധ്യമാണെന്ന് മാനേജ്മെൻറ് പറയുന്നു. വിരലിലെണ്ണാവുന്ന സ്കൂളുകൾ ഇപ്പോഴും ജീവനക്കാർക്ക് ചെറിയ തുക നൽകുന്നുണ്ട്. പ്രായം കാരണം പലർക്കും മറ്റു ജോലികൾക്കും പോകാനാകുന്നില്ല. ഭൂരിഭാഗവും പണിയില്ലാതെ വീടുകളിൽ തന്നെ കഴിയുകയാണ്. ലോക്ഡൗണായതിനാൽ മറ്റു ജോലികൾക്കും പോകാനാകാത്ത അവസ്ഥയാണ്. ടാക്സി വാഹനങ്ങളിൽ ഡ്രൈവറായി വല്ലപ്പോഴും പോകുന്നുണ്ടെങ്കിലും ഒരാഴ്ചത്തേക്കുള്ള അരി വാങ്ങാൻ പോലും തികയാറില്ലെന്ന് ഡ്രൈവർമാർ പറയുന്നു. പലരും മറ്റു വഴികൾ തേടിപ്പോയി.
അൺ എയ്ഡഡ് മേഖലയിൽ ക്ഷേമനിധി, പി.എഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഡ്രൈവർമാർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, എയ്ഡഡ് സ്കൂളുകളിലെ ഡ്രൈവർമാർക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. സർക്കാർ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, എം.എൽ.എമാർ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും ആശ്വാസ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഒന്നര വർഷമായി സ്കൂൾ ഗ്രൗണ്ടിലും റോഡരികിലും നിർത്തിയിട്ട ബസുകൾ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിക്കുകയാണ്. ഇവയുടെ സംരക്ഷണവും കാര്യമായി നടക്കുന്നില്ല. ഓടാതെ കിടക്കുന്നതിനാൽ ബാറ്ററി, ടയർ എന്നിവക്കാണ് പ്രധാനമായും തകരാറുകൾ സംഭവിക്കുന്നത്. വരുമാനമില്ലാത്തതിനാൽ ബസുകളുടെ ഇൻഷുറൻസ് പോലും കൃത്യമായി അടക്കാൻ കഴിയാതെ മാനേജ്മെൻറും വിഷമിക്കുകയാണ്.
സ്കൂളുകൾ തുറക്കാത്തതിനാൽ തൊഴിൽരഹിതരായ ബസ് ഡ്രൈവർമാരുടെ പ്രയാസങ്ങളും ദുരിതങ്ങളും സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ ബസ് ഡ്രൈവേഴ്സ് യൂനിയൻ ഭാരവാഹികൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം നൽകി. ജില്ല സെക്രട്ടറി ഷാഫി, പ്രസിഡൻറ് ബേബി, ട്രഷറർ ജമാൽ എന്നിവരാണ് നിവേദനം നൽകിയത്.
ഒന്നര വർഷമായി ജോലിയില്ലാതെ കുടുംബം പട്ടിണിയിലാണെന്നും സർക്കാർ സഹായം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. എം.എൽ.എമാരായ അഡ്വ. ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.