ഗൂഡല്ലൂർ: കോത്തഗിരിക്ക് സമീപം കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. കരുണാകരൻ (35), വിനിത് (8), വാസന്തി (25) എന്നിവരെയാണ് കാട്ടുപന്നി ആക്രമിച്ചത്.നീലഗിരി ജില്ലയിലെ കോത്തഗിരിക്ക് സമീപം തവിട്ടുമേട്, ഗണപതിനഗർ, പെരിയാർ നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അഞ്ഞൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്.
തേയിലത്തോട്ടങ്ങളോട് ചേർന്നുള്ള ഈ പ്രദേശങ്ങളിൽ കാട്ടാനകളും കരടികളും കാട്ടുപന്നികളും പതിവായി എത്താറുണ്ട്. ആവശ്യത്തിന് ശൗചാലയമില്ലാത്തതിനാൽ തുറസ്സായ സ്ഥലമാണ് ആളുകൾ ഉപയോഗിക്കുന്നത്. വന്യമൃഗങ്ങൾ ആക്രമിക്കാനുള്ള സാധ്യതയുമുണ്ട്. തുറസ്സായ സ്ഥലത്ത് പ്രാഥമിക ആവശ്യങ്ങൾക്ക് പോയപ്പോഴാണ് മൂന്നുപേർക്ക് നേരെയും കാട്ടുപന്നികളുടെ ആക്രമണമുണ്ടായത്.
വാസന്തിയുടെ പരിക്ക് ഗുരുതരമായതിനാൽ കോത്തഗിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടുപന്നികളുടെ ആക്രമണം തുടരുന്നതിനാൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. കാട്ടുപന്നിശല്യം തടയാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.