പൂ​ക്കോ​ട് ത​ടാ​ക​ത്തി​ലെ ചു​റ്റു​റോ​ഡ്

പൂക്കോട് തടാകത്തിലെ 'കട്ടക്ക് കട്ട'യില്ല, പകരം 'തട്ടിപ്പുകട്ട'

വൈത്തിരി: പൂക്കോട് തടാകത്തിൽ ചളിയും പായലും നീക്കുന്നതിനിടെ പൊട്ടിത്തകർന്ന തടാക ചുറ്റുറോഡിന്റെ പണി തുടങ്ങി. എന്നാൽ, റോഡിന്റെ കട്ട വിരിക്കൽ പണികൾ 'ഒപ്പിക്കൽ' പരിപാടിയെന്ന് ആരോപണമുയർന്നു. ഹിറ്റാച്ചി, ജെ.സി.ബി പോലുള്ള വൻഭാരമുള്ള മണ്ണുമാന്തിയന്ത്രങ്ങളടക്കം നിരവധി തവണ സഞ്ചരിച്ചതിനാലാണ് പാത തകർന്നത്.

അടിയിൽ മെറ്റലോ മണലോ ഇടാതെ മണ്ണിട്ട് മുകളിൽ കേടുവന്ന സിമന്റുകട്ടകൾ നിരത്തുകയാണ് ചെയ്യുന്നത്. മഴ പെയ്താൽ കട്ടകൾ ചളിയിൽ ആഴ്ന്നുപോകും. പലയിടത്തും പതിച്ച കട്ടകൾക്കിടയിൽ വിടവുമുണ്ട്. അരികുകളിൽ പതിച്ച ഉയരമുള്ള കട്ടകൾ ഇളകി വെള്ളത്തിലേക്കു വീണിട്ടുണ്ട്.

കോടിക്കണക്കിനു രൂപ ചെലവഴിച്ചു നടത്തിയ ചളിവാരലും പായൽനീക്കലും കനത്ത പരാജയമായിരുന്നു. തടാകത്തിന്റെ നാലിലൊന്നു ഭാഗത്തും ഇപ്പോൾ പായൽ നിറഞ്ഞിരിക്കുകയാണ്. ഏകദേശം 80 ലക്ഷം ചെലവിട്ടാണ് തടാകത്തിന്റെ ചുറ്റും കട്ടകൊണ്ട് നടപ്പാത ഒരുക്കിയത്.

തടാക വിസ്തൃതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ചതിനാൽ നടപ്പാതയുടെ വശങ്ങൾ വിവിധ ഭാഗങ്ങളിലായി ഇടിഞ്ഞിട്ടുണ്ട്. ചളിവാരലിലെ അഴിമതിക്കഥകൾ പുറത്തുവന്നതോടെയാണ് പാത പൊളിഞ്ഞതും ചർച്ചയായത്. ഇതിനിടെ, ജില്ല കലക്ടറും മറ്റുദ്യോഗസ്ഥരും ഈ ഭാഗങ്ങൾ സന്ദർശിച്ചിരുന്നു.

റോഡ് പുനർനിർമിക്കുന്നത് കരാറുകാരന്റെ ഉത്തരവാദിത്തമായിരിക്കെ അതിനും ഫണ്ടനുവദിക്കാൻ ശ്രമം നടന്നു. പാത പുനർനിർമിക്കാൻ സമ്മർദം ഏറിയപ്പോഴാണ് കട്ട വിരിക്കുന്ന പണികൾ തുടങ്ങിയത്. പാതയോരങ്ങളിൽ പലയിടത്തും അപകടകരമാംവിധം കരയിടിഞ്ഞിട്ടുണ്ട്. ഇതൊന്നും നന്നാക്കിയിട്ടുമില്ല.

ബുധനാഴ്ച സബ് കലക്ടർ ശ്രീലക്ഷ്മി പൂക്കോട് തടാകം സന്ദർശിച്ചിരുന്നു. പാത തകരുന്നതിന് മുമ്പത്തെ അതേ അവസ്ഥയിൽ പുനർനിർമിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തടാകക്കരയിലെ പ്രവൃത്തികളുടെ നിജസ്ഥിതി സംബന്ധിച്ച ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് അവർ അറിയിച്ചു. 

അപകടപാതയിൽ കരാറുകാരനുവേണ്ടി 'സൈക്കിളോടിക്കൽ' മൂവ്

ചു​റ്റു​റോ​ഡി​ലൂ​ടെ സ​ഞ്ചാ​ര​ത്തി​നാ​യു​ള്ള സൈ​ക്കി​ളു​ക​ൾ

വൈത്തിരി: അപകടകരമാംവിധം പൊട്ടിപ്പൊളിഞ്ഞ പൂക്കോട് തടാകത്തിന്റെ ചുറ്റുറോഡിലൂടെയുള്ള സൈക്കിൾ സഞ്ചാരം പുനരാരംഭിക്കുന്നു. ചുറ്റുറോഡിലൂടെയുള്ള സഞ്ചാരത്തിന് സൈക്കിൾ വൻതുകക്ക് വാടകക്ക് കൊടുക്കുകയാണ്. ഇതിന്റെ കരാർ കാലാവധി കഴിഞ്ഞതാണ്. എന്നാൽ, ചളിയും പായലും വാരുന്നതിനാൽ റോഡ് സഞ്ചാരയോഗ്യമായിരുന്നില്ല എന്ന കാരണം പറഞ്ഞ് കരാർ പുതുക്കാതെ നീട്ടിക്കൊടുക്കുകയായിരുന്നു. ഇതിന് ഉന്നതങ്ങളിൽ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ആരോപണം. സൈക്കിൾ സഞ്ചാരത്തിനു കരാറെടുത്തത് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥന്റെ ബിനാമിയാണെന്നും ആക്ഷേപമുണ്ട്.

പൊട്ടിപ്പൊളിഞ്ഞതും വശങ്ങളിടിഞ്ഞതുമായ ചുറ്റുറോഡിലൂടെ സൈക്കിളോടിക്കുന്നത് അപകടമാണ്. സഞ്ചാരികളിൽ നല്ലൊരു പങ്കും ചുറ്റുറോഡിലൂടെ കാൽനടയാത്ര നടത്തുന്നുണ്ട്. സൈക്കിളോടിക്കുന്നവർ ഒന്നിടറിയാൽ വെള്ളത്തിൽ വീഴും. ഇക്കാര്യം കാണിച്ച് തടാകത്തിൽ സുരക്ഷാചുമതലയുള്ള പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Tags:    
News Summary - allegation against road work at Pookode Lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.