വൈത്തിരി: വ്യോമ, ജല, റെയിൽ പാതകളൊന്നുമില്ലാതെ ഉപരിതല റോഡിനെ മാത്രം ആശ്രയിക്കുന്ന വയനാടിന്റെ യാത്രാക്ലേശം പരിഹരിക്കാൻ ബദൽ പാതകൾ എന്ന് യാഥാർഥ്യമാവും. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ടതും വയനാട്-കോഴിക്കോട് ജില്ലകളെയും കേരള-കർണാടക സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന കോഴിക്കോട്-കൊല്ലഗൽ (എൻ.എച്ച്766) ദേശീയപാതയിൽ നിലവിൽ യാത്രാക്ലേശം അതിരൂക്ഷമാണ്.
വയനാട്ടിൽ നിന്ന് കൊഴിക്കോട്ടേക്കു പോകുന്ന യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച ഈ ചുരം റോഡ് നിരവധി പ്രകൃതി ദുരന്തങ്ങളിൽ ഇടിഞ്ഞു തകർന്നിരുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള റോഡ് ഭാരവും വലിപ്പവുമുള്ള വാഹനങ്ങൾ ഇടതടവില്ലാതെ ഓടി കിതപ്പിന്റെ വക്കിലാണ്. വാഹനബാഹുല്യത്താൽ ഏതു സമയത്തും ചുരത്തിൽ ഗതാഗക്കുരുക്ക് പതിവാണ്. ചുരത്തിലെ ദിനേനെയുള്ള അപകടങ്ങളും വാഹനങ്ങൾ തകരാറിലാവുന്നതും ഓരോ യാത്രക്കാരന്റെയും വിലപ്പെട്ട മണിക്കൂറുകളാണ് അപഹരിക്കുന്നത്.
2016-17 കാലഘട്ടത്തിൽ മാസങ്ങളോളം യാത്ര ചെയ്യാനാവാത്ത വിധം പൊട്ടിപ്പൊളിഞ്ഞു കിടന്നിട്ടും നന്നാക്കാതെ ജനങ്ങൾ പ്രയാസപ്പെട്ടിരുന്നു. വയനാട് ഡെവലപ്മെന്റ് ഫോറത്തിന്റെ ഇടപെടലും പൊതുമരാമത്തു വകുപ്പ് എൻജിനീയർമാർക്കെതിരെ നൽകിയ പൊലീസ് കേസും കൂടിയായപ്പോൾ ചുരത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തി, റോഡ് ഗതാഗത യോഗ്യമാക്കുകയായിരുന്നു.
ദിനംപ്രതി നാല്പത്തിനായിരത്തോളം വാഹനങ്ങളാണ് ശരാശരി ചുരത്തിലൂടെ കടന്നുപോകുന്നത്. കോഴിക്കോട്ടുനിന്നും തെക്കൻ കേരളത്തിൽ നിന്നും റോഡുമാർഗം ചരക്കുകൾ കർണാടകത്തിലേക്ക് കടത്തുവാനും ചുരം റോഡ് ഉപയോഗപ്പെടുത്തുന്നു.
അപകടങ്ങളും വളവുകളിൽ വലിയവാഹനങ്ങൾ കുടുങ്ങുകയും ചെയ്യാൻ തുടങ്ങിയതോടെ ജില്ലയിലേക്ക് വരുന്നവരുടെയും പോകുന്നവരുടെയും യാത്രകൾ അനിശ്ചിതത്വത്തിലാവുകയാണ്. തങ്ങളുടെ വിലപ്പെട്ട സമയം ചുരം റോഡിൽ നഷ്ടപ്പെടുന്നതോടെ ട്രെയിൻ യാത്ര മുടങ്ങുന്നതും രോഗികൾക്ക് നിശ്ചയിച്ച സമയത്ത് ഡോക്ടറുടെ അടുത്ത് എത്താൻ കഴിയാതിരിക്കുന്നതുമെല്ലാം വയനാട്ടുകാർ കാലങ്ങളായി അനുഭവിക്കുന്ന ദുരിതമാണ്.
മുത്തങ്ങവഴി മൈസുരുവിലേക്ക് പോവേണ്ട കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ അതിർത്തിയിൽ വൈകി എത്തുന്നത് കാരണം ചെക്ക് പോസ്റ്റ് കടക്കാൻ കഴിയാത്ത അവസ്ഥയുമുണ്ടാവാറുണ്ട്.
ക്രിസ്മസിന്റെ തലേദിവസം ചുരത്തിലെ ഏഴാം വളവിൽ കെ.എസ്.ആർ.ടി.സി മൾട്ടി ആക്സിൽ ബസ് കേടായതുമൂലം അഞ്ചു മണിക്കൂറിലധികമാണ് ആയിരക്കണക്കിനു യാത്രക്കാർ വഴിയിൽ കുടുങ്ങിയത്. അവധിദിവസങ്ങളാഘോഷിക്കാൻ പുറപ്പെട്ടവരും ക്രിസ്മസിന് വീട്ടിലേക്ക് തിരിച്ചവരും പെരുവഴിയിലായി. നിരവധി ആംബുലൻസുകളാണ് അന്ന് രോഗികളുമായി ചുരത്തിൽ കുടുങ്ങിയത്.
ദിനംപ്രതി നാല്പതിനായിരത്തിലധികം വാഹനങ്ങൾ സഞ്ചരിക്കുന്ന വയനാട് ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിനുള്ള പ്രധാന പോംവഴിയാണ് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ്. ഈ റോഡിനായുള്ള മുറവിളി തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടോളമായി. രണ്ടുതവണ സർവെ നടത്തി പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയത് മാത്രമാണ് ഇതുസംബന്ധിച്ചുണ്ടായ നടപടി.
ബൈപാസ് റോഡ് ഹെയർപിൻ വളവുകളില്ലാതെ പതിനാലര കിലോമീറ്റർ ദൂരത്തിൽ വയനാട്ടിലെ തളിപ്പുഴയിൽ എത്തിച്ചേരും. തുഷാരഗിരി റോഡ് ഉപയോഗപ്പെടുത്തിയാൽ ദൂരം വീണ്ടും കുറയും. കോഴിക്കോട് ജില്ലയിൽ വനം അതിർത്തി വരെ നിലവിലുള്ള റോഡ് വികസനത്തിനാവശ്യമായ സ്ഥലം സൗജന്യമായി ലഭ്യമാണ്.
തുടർന്നുള്ള രണ്ടര കിലോമീറ്റർ ദൂരമാണ് നിക്ഷിപ്ത വനഭൂമിയിലൂടെ കടന്നു പോകുന്നത്. വയനാട് ജില്ലയിലുള്ള ഇ.എഫ്.എൽ വനഭൂമിയിൽ നിലവിലുള്ള കൂപ്പ് റോഡ് വിപുലീകരിക്കേണ്ട ആവശ്യം മാത്രമേയുള്ളു. വനഭൂമി വിട്ടുകിട്ടുന്നതിനു കാലതാമസം നേരിടുകയാണെങ്കിൽ വനത്തിലൂടെ തുരങ്ക പാതയും പരിഗണിക്കാവുന്നതാണ്.
ബൈപാസ് റോഡ് യാഥാർഥ്യമാക്കുന്നതിന് ഏതാനും സാമൂഹ്യപ്രവത്തകർ രൂപം കൊടുത്തതും ഇപ്പോൾ നൂറുകണക്കിന് അംഗങ്ങളുമുള്ള വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മറ്റി മാസങ്ങളായി പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ കൽപറ്റ എം.എൽ.എ ടി. സിദ്ദീഖിന്റെ നേതൃത്വത്തിൽ ജനകീയ റോഡുവെട്ടൽ സമരവും നവംബറിൽ കലക്ടറേറ്റ് മാർച്ചും സംഘടിപ്പിച്ചിരുന്നു.
സംരക്ഷണ സമിതി ഭാരവാഹികൾ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായും എം.പിമാരായ രാഹുൽ ഗാന്ധി, എം.കെ. രാഘവൻ എന്നിവരുമായും നിരവധി തവണ ബന്ധപ്പെട്ടുവെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ കടുത്ത സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് ആക്ഷൻ കമ്മറ്റി തീരുമാനം.
ബൈപാസ് റോഡ് യാഥാർഥ്യമായില്ലെങ്കിൽ ചുരത്തിൽ ഇനിയും ജീവനുകൾ ഹോമിക്കപ്പെടും. ജില്ലയിലെ വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. യാത്രാദുരിതം കാരണം ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികൾ മറ്റു സ്ഥലങ്ങളിലേക്ക് യാത്ര മാറ്റുകയും ചെയ്യും.
കൽപറ്റ: വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് ചെറുതായെങ്കിലും പരിഹരിക്കാൻ കഴിയുന്ന മൂന്ന് ഹെയർപിൻ വളവുകളുടെ വീതികൂട്ടൽ പദ്ധതി ഫയലിലുറങ്ങുന്നു. റോഡ് വീതികൂട്ടാൻ വനംവകുപ്പ് നാലുവർഷം മുമ്പ് സ്ഥലം വിട്ടുനല്കിയിട്ടും പൊതുമരാമത്ത് അധികൃതർ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.
2018 ഏപ്രിലിലാണ് 32 ലക്ഷം രൂപ നല്കി പൊതുമരാമത്ത് വകുപ്പ് 0.92ഹെക്ടർ വനഭൂമി ഏറ്റെടുത്തത്. മൂന്ന്, അഞ്ച് വളവുകൾ ആറുകോടിരൂപ ചെലവഴിച്ച് നവീകരിച്ചെങ്കിലും വലിയ ഗതാഗതക്കുരുക്കിന് കാരണമാവുന്ന ആറ് മുതൽ എട്ടുവരെയുള്ള വളവുകളുടെ വീതികൂട്ടൽ യാഥാർഥ്യമായില്ല.
നവീകരണത്തിന് നൂറുകോടിയോളം രൂപ വരുമെന്നാണ് അധികൃതർ പറയുന്നത്. വലിയ തുകയുടെ പദ്ധതി ആയതിനാലാണ് അനുമതിലഭിക്കാത്തതെന്നാണ് സൂചന.
ആറാം വളവിലും എട്ടിനും ഒൻപതിനുമിടയിലാണ് എപ്പോഴും വാഹനങ്ങൾ കുടുങ്ങി ഗതാഗതക്കുരുക്ക് ഉണ്ടാവാറുള്ളത്. പലയിടത്തും ടാർ ചെയ്ത ഭാഗത്തിന് അഞ്ചേകാൽ മീറ്റർ മാത്രമേ വീതിയുള്ളൂ. ഇതിൽ ആറാംവളവാണ് ഏറ്റവും ദുഷ്കരം. എതിർ ദിശയിൽ നിന്ന് വാഹനങ്ങൾ വന്നാൽ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പിന്നോട്ടെടുത്ത ശേഷം മാത്രമേ വളവുകൾ ഒടിച്ചെടുക്കാൻ കഴിയാറുള്ളു.
ടോറസുകൾ ഇങ്ങനെ കുടുങ്ങി ഗതാഗതപ്രശ്നമുണ്ടാക്കാറുണ്ട്. ഇതിന് പരിഹാരം കാണാൻ 17മീറ്റർ വരെ വളവുകൾ വീതികൂട്ടി നവീകരിക്കാനായിരുന്നു പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.