വൈത്തിരി: രണ്ടുവർഷമായി അടഞ്ഞുകിടക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാൻ ഹൈകോടതി അനുമതി നൽകിയത് ജില്ലയിലെ ടൂറിസം മേഖലക്ക് ഉണർവാകും.
വനത്തിനുള്ളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതിസംരക്ഷണ സമിതി നൽകിയ ഹരജിയെ തുടർന്നാണ് ചെമ്പ്ര പീക്, കുറുവാ ദ്വീപ്, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവ അടച്ചുപൂട്ടിയത്. കേന്ദ്ര സർക്കാറിെൻറ അനുമതിയില്ലാതെയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതി കോടതിയെ സമീപിച്ചത്.
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ജില്ലയിലെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രിയപ്പെട്ടവയായിരുന്നു. വനവിസ്തൃതി ഏറെയുള്ള ജില്ലയിൽ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ധാരാളം സഞ്ചാരികൾ എത്തിയിരുന്നു.
ഈ കേന്ദ്രങ്ങളെല്ലാം അടഞ്ഞതോടെ ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു. കോടിക്കണക്കിന് രൂപയുടെ വരുമാനം നിലച്ചു. ഈ മേഖലയിൽ തൊഴിലെടുത്തു ജീവിക്കുന്നവരും പട്ടിണിയിലായി. കോടതിയുടെ നിർദേശത്തെ തുടർന്ന് കേന്ദ്രത്തിൽ അംഗീകാരത്തിനായി അപേക്ഷിക്കുകയും 2019 ഏപ്രിൽ 24ന് അംഗീകാരം ലഭിക്കുകയും ചെയ്തു. മാർച്ച് 24നാണ് കേന്ദ്രങ്ങൾ തുറക്കാൻ ഹൈകോടതി ഉത്തവിട്ടത്. ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വനം വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത്.
കോടതിയുടെ അനുമതി ലഭിച്ചെങ്കിലും രണ്ടു വർഷമായി പൂട്ടിക്കിടക്കുന്ന ഈ ടൂറിസം കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കാൻ സമയമെടുക്കും. ഇവിടങ്ങളിൽ നിയന്ത്രണങ്ങളോടെയായിരിക്കും സഞ്ചാരികളെ പ്രവേശിപ്പിക്കുക. കുറുവദ്വീപ് നടത്തുന്നത് ഡി.ടി.പിസിയാണ്. ചങ്ങാടം യാത്ര മാത്രമാണ് ഇപ്പോൾ കുറുവയിലുള്ളത്. സൂചിപ്പാറ നിരവധി സഞ്ചാരികളെ ആകർഷിച്ചിരുന്ന പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായിരുന്നു. അതോടൊപ്പം ട്രക്കിങ് സൗകര്യമുള്ള ചെമ്പ്ര പീക്കിൽ ഇതര സംസ്ഥാന സഞ്ചാരികൾ ധാരാളം എത്തിയിരുന്നു.
കോടതിയുത്തരവുണ്ടെങ്കിലും ചെമ്പ്ര പീക് ഇപ്പോൾ തുറക്കുന്നില്ലെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് പറഞ്ഞു. വേനൽക്കാലത്ത് കാട്ടുതീ ഭീഷണിയുള്ളതിനാൽ നേരേത്ത ഏപ്രിൽ, േമയ് മാസങ്ങളിൽ ചെമ്പ്ര അടച്ചിടാറുണ്ട്. ഇവിടെ പുൽക്കാടുകൾ വളരെ ഉയരത്തിൽ വളർന്നിട്ടുണ്ട്. മീൻമുട്ടിയിൽ അറ്റകുറ്പ്പണികൾ ഏറെയുള്ളതിനാൽ തുറക്കുന്നത് വൈകും.
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതോടെ ജില്ലയിലെ ടൂറിസം മേഖലയിൽ വലിയ ഉണർവ് പ്രതീക്ഷിക്കുന്നതായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ബി. ആനന്ദ് പറഞ്ഞു. വനം വകുപ്പിെൻറ അനുമതിയോടെ മാത്രമേ എല്ലാ കേന്ദ്രങ്ങളും തുറക്കാനാവുകയുള്ളൂ.
നേരിട്ടും അല്ലാതെയും ടൂറിസം മേഖലയെ ആശ്രയിച്ചുകഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനുള്ള ഹൈകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി വയനാട് ടൂറിസം അസോസിയേഷൻ പ്രസിഡൻറ് അലി ബ്രാൻ പറഞ്ഞു. ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ പുത്തനുണർവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.