വൈത്തിരി: കോവിഡ്വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനിടെ വിവിധ സർവകലാശാലകൾ ബിരുദാനന്തര കോഴ്സുകൾക്ക് ദൂരദിക്കുകളിൽ പ്രവേശനപരീക്ഷ കേന്ദ്രങ്ങളൊരുക്കിയത് വിദ്യാർഥികൾക്ക് ദുരിതമാകുന്നു. വിദ്യാർഥികളുടെ താമസസ്ഥലത്തുനിന്ന് ഏറെ ദൂരത്താണ് പലർക്കും സെൻററുകൾ കിട്ടിയത്. ചിലർക്കാണെങ്കിൽ ഇതര സംസ്ഥാനങ്ങളിലും. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ സെൻററുകൾ ലഭിച്ച പല വിദ്യാർഥികളും ഭീതി കാരണം പരീക്ഷ ഉപേക്ഷിച്ചു.
പലർക്കും പല സംസ്ഥാനങ്ങളിലായി അടുത്തടുത്ത ദിവസങ്ങളിലാണ് പരീക്ഷ നടക്കുന്നത്. കോയമ്പത്തൂർ, മംഗലാപുരം പോലുള്ള സ്ഥലങ്ങളിൽ സെൻറർ കിട്ടിയ കുട്ടികൾ പരീക്ഷ എഴുതുന്നില്ലെന്നു വെച്ചു. പരീക്ഷയുടെ തലേദിവസമാണ് പലർക്കും സെൻററുകളെ കുറിച്ചുള്ള അറിയിപ്പ് വരുന്നത്. കേരളത്തിൽനിന്നുള്ള കുട്ടികൾക്ക് ഉയർന്ന പഠനത്തിനുള്ള അവസരം ഇല്ലാതാക്കാനുള്ള ഗൂഢ ലക്ഷ്യമാണ് ഇതിെൻറ പിന്നിലെന്ന് സംശയിക്കുന്നതായി ഡൽഹി യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥിയുടെ രക്ഷിതാവായ കൽപറ്റ സ്വദേശി 'മാധ്യമ'ത്തോടു പറഞ്ഞു. പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുടെ പരീക്ഷ 19ന് ബംഗളൂരുവിൽ നടക്കുന്നുണ്ട്. തൊട്ടടുത്ത ദിവസം കേരളത്തിലെ വിവിധ സർവകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷ കേരളത്തിലെ വിവിധ സെൻററുകളിൽ നടക്കും.
23നും 24നും പരീക്ഷ നടക്കുന്നുണ്ട്. ഹൈദരാബാദ് യൂനിവേഴ്സിറ്റിയുടെ പരീക്ഷകളും വിവിധ സംസ്ഥാനങ്ങളിലായാണ് നടക്കുന്നത്. സെൻറർ എവിടെയെന്നുള്ള വിവരം ഇതുവരെ വിദ്യാർഥികൾക്ക് ലഭിച്ചിട്ടില്ല. ഡൽഹി യൂനിവേഴ്സിറ്റിയുടെ പ്രവേശനപരീക്ഷ കഴിഞ്ഞ എട്ടിനും ഒമ്പതിനും ആറ്റിങ്ങലും കൊല്ലത്തും നടന്നു.
പരീക്ഷക്കായി എത്തിയ വിദ്യാർഥികൾ യാത്രക്കും താമസത്തിനുമായി കഷ്ടപ്പെട്ടത് ചില്ലറയല്ല. ഇതരസംസ്ഥാനങ്ങളിൽ പോകുന്നവരും ഏറെ കഷ്ടപ്പെടുന്നു. കർണാടകയിൽ പോയി പരീക്ഷയെഴുതി തൊട്ടടുത്ത ദിവസം കേരളത്തിലെ പരീക്ഷക്കെത്തുന്ന വിദ്യാർഥികളെ ഒരു കാരണവശാലും അതിർത്തിയിൽ തടയില്ലെന്ന് കലക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.