ചുരം യാത്ര ദുസ്സഹമാവുമ്പോഴും ബൈപാസ് അകലെ

വൈത്തിരി: വയനാട് ചുരത്തിൽ അടുത്ത കാലത്തായി ഗതാഗത തടസ്സം നിത്യസംഭവമാവുകയാണ്. പലപ്പോഴും മണിക്കൂറുകളോളം വാഹനങ്ങൾ ചുരത്തിൽ കുരുങ്ങി യാത്രക്കാർ കഷ്ടപ്പെടുന്നു. നിത്യേനെയെന്നോണമുണ്ടാകുന്ന അപകടങ്ങൾ, വാഹനങ്ങൾ വളവുകളിൽ നിലച്ചുപോകൽ, മണ്ണിടിച്ചിൽ തുടങ്ങി ഓരോ കാരണത്താൽ ജില്ലയിലേക്കെത്തുന്ന വിനോദ സഞ്ചാരികളടക്കമുള്ളവരുടെ വിലപ്പെട്ട സമയം പാഴാവുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച ചുരം വ്യൂ പോയന്റിനടുത്തുണ്ടായ മണ്ണിടിച്ചിൽ മൂലം യാത്രക്കാർക്ക് നഷ്ടപ്പെട്ടത് മണിക്കൂറുകളാണ്. മണ്ണിടിഞ്ഞതിനോട് ചേർന്ന ഭാഗത്ത് റോഡിലേക്ക് വീഴാറായിക്കിടക്കുന്ന അപകടാവസ്ഥയിലുള്ള കല്ലുകൾ നീക്കം ചെയ്യാൻ ചുരത്തിലൂടെയുള്ള ഗതാഗതം അധികൃതർ ബുധനാഴ്ച തടഞ്ഞതും രണ്ടു മണിക്കൂറിലധികമാണ്.

ചുരത്തിലൂടെയുള്ള യാത്രക്ക് ഇത്രയൊക്കെ പ്രതിസന്ധികളുണ്ടായിട്ടും പരിഹാര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് പ്രധാന കാരണവും കോഴിക്കോട്-കൊല്ലഗൽ ദേശീയ പാത കടന്നുപോകുന്ന പ്രദേശത്തെ ജനപ്രതിനിധികളുടെ നിസ്സംഗ നിലപാടാണെന്ന ആരോപണമുയരുന്നുണ്ട്.

മല ഇടിഞ്ഞും മരങ്ങൾ കടപുഴകി വീണും അപകടങ്ങൾ മൂലവും രാപ്പകൽ വ്യത്യാസമില്ലാതെ ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ട് യാത്രക്കാർ കൊടിയ ദുരിതം അനുഭവിക്കുന്ന അവസ്ഥയാണിപ്പോൾ. ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന നിർദിഷ്ട ചിപ്പിലിത്തോട് -മരുതിലാവ് -തളിപ്പുഴ ചുരം ബൈപ്പാസ് റോഡ് ഇപ്പോഴും കടലാസിലൊതുങ്ങുകയാണ്. വയനാട് ചുരത്തിൽ ഗതാഗത തടസ്സവും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുമ്പോഴും ബൈപ്പാസിന്‍റെ കാര്യത്തിൽ തുടർനടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

ബൈപാസ് നിർമാണത്തിനായി സമരം ശക്തമാക്കും

വൈത്തിരി: ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന നിർദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് റോഡ് യാഥാർഥ്യമാക്കുന്നതിന് ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്ന് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സർക്കാർ ബൈപാസ് നിർമാണത്തിന് അടിന്തര പ്രാധാന്യം നൽകണം. വയനാട് ചുരം ബൈപാസ് മാർച്ച്, മനുഷ്യചങ്ങല തുടങ്ങിയ സമര പരിപാടികളുമായി പ്രക്ഷോഭം ശക്തിപ്പെടുത്താനും ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.

ബൈപാസ് ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, വയനാട് കോഴിക്കോട് എം.പിമാർ, എം.എൽ.എമാർ എന്നിവർക്ക് നേരത്തേ നിവേദനം നൽകിയിരുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് ക്രിയാത്മക നടപടികളൊന്നുമുണ്ടായില്ലെന്നു യോഗം വിലയിരുത്തി. ചെയർമാൻ വി.കെ. ഹുസൈൻ കുട്ടി ആധ്യക്ഷയത വഹിച്ചു.

ജനറൽ കൺവീനർ ടി.ആർ.ഒ. കുട്ടൻ, ജോണി പാറ്റാനി, സെയ്ത് തളിപ്പുഴ, ഗിരീഷ് തേവള്ളി, ബിജു താന്നിക്കാക്കുഴി, വി.കെ. മൊയ്തു മുട്ടായി, റസാഖ് കൽപറ്റ, ഷാൻ കട്ടിപ്പാറ, ഷാജഹാൻ വൈത്തിരി, ബിന്ദു ഉദയൻ, സി.സി. തോമസ്, റജി തോമസ്, പി.കെ. സുകുമാരൻ, എം.എസ്. യൂസഫ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Even when the churam travel becomes difficult-bypass is far away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.