വൈത്തിരി: വർഷം അഞ്ചു കഴിഞ്ഞിട്ടും പണിതീരാതെ വൈത്തിരി പൊലീസ് സ്റ്റേഷൻ കെട്ടിടം. അടുത്ത മാസം ആദ്യവാരത്തിൽ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ എത്തുന്നുണ്ട്. അപ്പോഴെങ്കിലും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പൊലീസുകാർ പ്രതീക്ഷിക്കുന്നത്.
മഹാമാരിയിലും പ്രളയത്തിലും പെട്ട് വൈത്തിരിയിലെ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം തകർന്നിട്ട് ആറു വർഷം തികയുമ്പോഴും പകരം ആശുപത്രി ജങ്ഷനിൽ പണിയുന്ന കെട്ടിടത്തിന്റെ പണി ഇനിയും പൂർത്തീകരിച്ചിട്ടില്ല.
അറുപതോളം വരുന്ന വനിതകളടക്കമുള്ള പൊലീസുകാരാണ് നിലവിലെ സൗകര്യമില്ലാത്ത പഴയ കെട്ടിടത്തിൽ നിന്നുതിരിയാനിടമില്ലാതെ കഷ്ടപ്പെടുന്നത്. താലൂക്ക് ഓഫിസ് പരിസരത്താണ് ഈ ഓടിട്ട കെട്ടിടം. 2018ലുണ്ടായ പ്രളയത്തിൽ അന്നത്തെ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് ഒലിച്ചുപോയതോടെയാണ് സ്റ്റേഷന്റെ പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്.
ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച നൂറ്റാണ്ടിലധികം പഴക്കമുള്ള രണ്ടു കെട്ടിടങ്ങളിലായാണ് അന്നുമുതൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. നേരത്തെ സ്റ്റേഷൻ സി.ഐയും എസ്.ഐയും താമസിച്ചിരുന്ന കെട്ടിടങ്ങളാണിത്.
തൊട്ടടുത്ത വർഷം തന്നെ പുതിയ കെട്ടിടത്തിന്റെ നിർമാണം ആശുപത്രി ജങ്ഷനിൽ ആരംഭിക്കാൻ അനുമതി ലഭിച്ചിരുന്നു. പഴയ സ്റ്റേഷൻ നിൽക്കുന്ന സ്ഥലം സുരക്ഷിതമല്ലെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ടെത്തലോടെ പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് ഹാബിറ്റാറ്റ് നിർമാണ കമ്പനിക്ക് കരാർ നൽകുകയും മൂന്നുനില കെട്ടിടത്തിന്റെ പണി 50 ശതമാനത്തിലധികം പൂർത്തീകരിക്കുകയും ചെയ്തു. പിന്നീട് സർക്കാറിൽനിന്നും ഫണ്ട് ലഭിക്കുന്നില്ലെന്ന കാരണം കാണിച്ചു കരാറുകാർ പണി നിർത്തി. നീണ്ട ഇടവേളക്കു ശേഷം മുൻ ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് പ്രശ്നത്തിലിടപെടുകയും എത്രയും പെട്ടെന്ന് പണി പൂർത്തീകരിക്കാൻ കരാറുകാർക്ക് കർശന നിർദേശം നൽകി.
എന്നാൽ, ചെറു പണികൾ തീർത്തതല്ലാതെ മറ്റൊന്നും നടന്നില്ല. സർക്കാറിൽ നിന്നും ഫണ്ടൊന്നും കരാറുകാർക്ക് ലഭിച്ചതുമില്ല. വൈത്തിരി പൊലീസ് സ്റ്റേഷനൊപ്പം നിർമാണം തുടങ്ങിയ പനമരം, തൊണ്ടർനാട് സ്റ്റേഷനുകളുടെ ഉദ്ഘാടനം കഴിഞ്ഞു. ഈ സ്റ്റേഷനുകളുടെ നിർമാണച്ചെലവും കരാറുകാർക്ക് പൂർണമായും ലഭിച്ചിട്ടുമില്ല.
പുതിയ കെട്ടിടത്തിന്റെ പണികൾ 80 ശതമാനവും കഴിഞ്ഞിട്ടുണ്ടെങ്കിലും സർക്കാറിൽ നിന്നും ഫണ്ട് ലഭിക്കാത്തതാണ് പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് ഹാബിറ്റാറ്റ് കൺസ്ട്രക്ഷൻ കമ്പനിയുടെ എൻജിനീയർ പറഞ്ഞു. അരക്കോടിയോളം രൂപ കരാറുകാർക്ക് ലഭിക്കാനുണ്ടത്രെ. പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നുള്ള തടസ്സമാണ് ഫണ്ട് പാസാക്കാൻ കാലതാമസമുണ്ടാക്കുന്നത്.
നിലവിലെ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ലോക്കപ്പോ കാന്റീനോ വസ്ത്രം മാറുന്ന മുറിയോ, വിശ്രമ മുറികളോ ഒന്നുമില്ല. കൽപറ്റ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ജില്ലയിൽ കൂടുതൽ റിസോർട്ടുകളും ഹോംസ്റ്റേകളുമുള്ളത് വൈത്തിരി സ്റ്റേഷൻ പരിധിയിലാണ്. ഏറ്റവും കൂടുതൽ ലഹരിമരുന്ന് കേസുകൾ ചാർജ് ചെയ്യുന്ന സ്റ്റേഷനാണ് വൈത്തിരി. ജില്ലയിൽ മാവോവാദി ഭീഷണി നേരിടുന്ന സ്റ്റേഷനുകളിൽ ഒന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.