വൈത്തിരി: 2018ലെ പ്രളയത്തിൽ വൈത്തിരിയിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ കെട്ടിടം നിലംപൊത്തിയിട്ട് വർഷം ആറ് പിന്നിടുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഇരുനില ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ താഴത്തെ നില ആഗസ്റ്റ് പത്തിന് അർധരാത്രി മണ്ണിനടിയിലേക്കു താഴുകയായിരുന്നു. അർധരാത്രിയായതിനാലാണ് വൻദുരന്തം ഒഴിവായത്. ഇവിടെ പാർക്ക് ചെയ്ത ഏതാനും വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു.
താഴത്തെ നില തകർന്നതോടെ ഈ ഭാഗത്തേക്കുള്ള പ്രവേശനം മാസങ്ങളോളം നിരോധിച്ചിരുന്നു. ദിവസങ്ങൾക്കിടെ ജനങ്ങൾ നോക്കിനിൽക്കെ കെട്ടിടത്തിന്റെ മുഴുവൻ ഭാഗവും തകർന്നുവീഴുകയും ചെയ്തു. കെട്ടിടത്തോടൊപ്പം ഇതിൽ കച്ചവടം ചെയ്ത നിരവധി പേരുടെ ജീവിതസ്വപ്നങ്ങളും അന്ന് മണ്ണിനടിയിലായി. കെട്ടിടം തകർന്നതിന്റെ കാര്യകാരണങ്ങളിലേക്കോ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിപ്പോയോ എന്നതിനെക്കുറിച്ചോ ഒരു ചർച്ചയും നടന്നില്ല. ഇക്കാര്യത്തിൽ ഒരന്വേഷണം പോലും ഉണ്ടായില്ല.
നിലംപൊത്തുമ്പോൾ നിരവധി കടകളും എ.ടി.എം കൗണ്ടറും ബസ് സ്റ്റാൻഡും, പൊതു ശൗചാലയവും കെട്ടിടത്തിലുണ്ടായിരുന്നു. രണ്ടാമത്തെ നിലയിൽ കോൺഫറൻസ് ഹാളുമുണ്ടായിരുന്നു.
കെട്ടിടം തകർന്നതോടെ നിരവധി കടയുടമകളും കെട്ടിടത്തിനോട് ചേർന്ന് താമസിക്കുന്നവരും പെരുവഴിയിലായി. കടയും കച്ചവടവും തകർന്നവർക്ക് ഒരു സഹായവും കിട്ടിയില്ല. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും തൽസ്ഥാനത്തു ബാക്കിപത്രമായി അവശേഷിക്കുന്നു.
2018ൽ കെട്ടിടം തകരുന്നതിന് മുമ്പേ തന്നെ വൈത്തിരിയിലെ ചില കച്ചവടക്കാർ കെട്ടിടത്തിൽ വിള്ളൽ കാണുകയും അധികാരികളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. കെട്ടിടത്തിനടിയിലുണ്ടായ നീരൊഴുക്കുമൂലം മണ്ണുനീങ്ങിയതിനാലാണ് കെട്ടിടം താഴേക്ക് പതിച്ചതെന്നാണ് പറയപ്പെട്ടിരുന്നത്. കെട്ടിടം മണ്ണിലേക്ക് താഴ്ന്നുപോകുകയും പിൻവശത്തെ മണ്ണിടിയുകയും ചെയ്തതോടെ ഇതിനു സമീപം താമസിച്ചിരുന്ന സി.പി. റുഖിയയുടെ വീട് വാസയോഗ്യമല്ലാതായി. പഞ്ചായത്തിനെതിരെ ഇവർ സമർപ്പിച്ച കേസ് ഹൈകോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റി അനുമതി ഇല്ലാത്തതിനാലാണ് കെട്ടിടാവശിഷ്ടം നീക്കം ചെയ്യാത്തതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. കെട്ടിടാവശിഷ്ടങ്ങൾ നിൽക്കുന്ന ഭാഗം കഴിച്ചുള്ളിടത്ത് ഇപ്പോൾ ഓട്ടോ സ്റ്റാൻഡായാണ് ഉപയോഗിക്കുന്നത്. ബസുകളാകട്ടെ, റോഡരികിലാണ് നിർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.