വൈത്തിരി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തളിപ്പുഴയിൽ കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ ബസുകൾക്ക് സ്റ്റോപ് അനുവദിച്ച് ഉത്തരവിറങ്ങി. ദേശീയപാതയോരത്ത് പൂക്കോട് തടാകം സ്റ്റോപ്പായ തളിപ്പുഴയിൽ ബസുകൾ നിർത്താത്തതു മൂലം ആദിവാസികളും തോട്ടം തൊഴിലാളികളും വിനോദ സഞ്ചാരികളുമുൾപ്പെടുന്ന യാത്രക്കാർ ഏറെ കഷ്ടപ്പെട്ടിരുന്നു.
ദേശസാത്കൃത റൂട്ടായ കോഴിക്കോട്-വയനാട് മേഖലയിൽ ഓടുന്ന ബസുകളിൽ ഭൂരിഭാഗവും ടി.ടി ബസുകളാണ്. വയനാട് ആർ.ടി.എയുടെ ഉത്തരവുണ്ടായിട്ടും പൂക്കോട് യൂനിവേഴ്സിറ്റി കവാടത്തിൽ സ്റ്റോപ്പുണ്ടെന്ന കാരണത്താൽ നിരസിക്കപ്പെടുകയായിരുന്നു.
ലോക്ഡൗണിനുശേഷം യാത്രാപ്രശ്നം സങ്കീർണമായത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കോഴിക്കോട് സോണൽ ഓഫിസർ കെ.ടി. സെബിയും ജില്ല ട്രാൻസ്പോർട്ട് ഓഫിസർ പ്രശോഭും സ്റ്റോപ് അനുവദിച്ചുകിട്ടുന്നതിനുവേണ്ടി ശിപാർശ ചെയ്തു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയും ഇക്കാര്യത്തിൽ ശക്തമായി ഇടപെട്ടിരുന്നു.
ഏതാനും സാമൂഹിക പ്രവർത്തകരുടെ വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ സ്റ്റോപ് അനുവദിച്ചുകിട്ടിയതിൽ ഏറെ സന്തോഷത്തിലാണ് തളിപ്പുഴക്കാർ. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ (ഓപറേഷൻസ്) ഒപ്പിട്ട ഉത്തരവ് നടപ്പായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.