വൈത്തിരി: 'ആനവണ്ടി'യോടിക്കുന്ന ഏക പെൺ ഡ്രൈവർ കഴിഞ്ഞദിവസം വയനാട്ടിലെത്തി, പെൺകൂട്ടായ്മയുമായി. കെ.എസ്.ആർ.ടി.സി വനിത ഡ്രൈവർ ഷീലയാണ് 'മുന്നേറ്റം' വനിത കൂട്ടായ്മയിലെ 50 അംഗങ്ങളുമായി വിനോദസഞ്ചാരത്തിന് വളയംപിടിച്ച് ചുരം കയറിയത്.
കോഴിക്കോട് ബാലുശ്ശേരി മേഖലയിൽ ആരോഗ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവമാണ് മുന്നേറ്റം വനിത കൂട്ടായ്മ. ഇതിൽ പഞ്ചായത്തംഗങ്ങളും അധ്യാപികമാരും വീട്ടമ്മമാരുമടക്കമുണ്ട്.
എട്ടാം ക്ലാസുകാരി ദിയയും 65കാരി കുന്നോത്ത് രാധയും അടങ്ങിയ 50 വനിതകൾ ആടിയും പാടിയും പൂക്കോട് തടാകവും തുഷാരഗിരി വെള്ളച്ചാട്ടവും കണ്ടു മടങ്ങി.
കെ.എസ്.ആർ.ടി.സി താമരശ്ശേരി ഡിപ്പോയിൽനിന്നാണ് സഞ്ചാരികളുമായി ബസ് പുറപ്പെട്ടത്. കൂട്ടായ്മയുടെ ഭാരവാഹികളായ പ്രബിന, മിനി, ഷിജി, റജില എന്നിവർ നേതൃത്വം നൽകി. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ കോഴിക്കോട് ജില്ല കോഓഡിനേറ്റർ ബിന്ദു, താമരശ്ശേരി ഡിപ്പോ കൺട്രോളിങ് ഇൻസ്പെക്ടർ ബിജു എന്നിവർ സഹായത്തിനുമെത്തിയപ്പോൾ യാത്ര ആഹ്ലാദകരമായെന്ന് സംഘാംഗങ്ങൾ അഭിപ്രായപ്പെട്ടു.
എറണാകുളം കോട്ടപ്പടി സ്വദേശിനിയായ ഷീല കെ.എസ്.ആർ.ടി.സിയിലെ ഏക വനിത ഡ്രൈവറാണ്. 10 വർഷം സർവിസുള്ള ഷീല ആദ്യമായാണ് ചുരം കയറുന്നത്. കൂട്ടായ്മയുടെ വക ഷീലക്ക് കഴിഞ്ഞ ദിവസം വൈകീട്ട് ബാലുശ്ശേരിയിൽ സ്വീകരണം നൽകിയിരുന്നു.
ലോക വനിത ദിനമായ മാർച്ച് എട്ടിന് ബാലുശ്ശേരി പെണ്ണകം വനിത കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു വിനോദ യാത്ര തുടങ്ങിയത്. 12 ദിവസത്തിനുള്ളിൽ 21 ട്രിപ്പുകൾ വനിതകൾക്ക് മാത്രമായി കെ.എസ്.ആർ.ടി.സി നടത്തി. സമാപന ട്രിപ്പിൽ മൂടാടി പഞ്ചായത്തിൽനിന്നുള്ള 50ഓളം വനിതകൾ പങ്കെടുത്തു.
ബാലുശ്ശേരി സ്റ്റാൻഡിൽ പെണ്ണകം വനിത കൂട്ടായ്മയുടെ നേതൃത്വത്തിൽ ബസിലെ യാത്രക്കാർക്ക് നൽകിയ സ്വീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എ. അഭിജ അധ്യക്ഷതവഹിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും നാടക നടിയുമായ ഉഷാ ചന്ദ്രബാബു മുഖ്യാതിഥിയായി. ഡ്രൈവർ ഷീല, കണ്ടക്ടർ രാജനിഷ, കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ ബൈജു, പി.കെ. ബിന്ദു, ഗിരിജ പാർവതി, ശൈലജ കുന്നോത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.