വൈത്തിരി: ചുമ്മാ കറങ്ങാം എന്നു കരുതി വയനാട് ചുരം കയറാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, പെറ്റിയടിക്കാൻ പൊലീസ് ഒരുങ്ങി നിൽപുണ്ട്. രണ്ടായിരം രൂപ വരെ പിഴയീടാക്കി വണ്ടി യു -ടേൺ എടുത്ത് വന്ന വഴി തിരിച്ചുപോകേണ്ടിവരും.
സമ്പൂർണ ലോക്ക്ഡൗണായ ശനി, ഞായർ ദിവസങ്ങളിലും വയനാട് ചുരം കയറുന്നവരുടെ എണ്ണത്തിൽ കുറവില്ല. പൊലീസ് കനത്ത പിഴ ഈടാക്കിയിട്ടും തിരിച്ചയച്ചിട്ടും കേസ് ചാർജ്ജ് ചെയ്തിട്ടും ലക്കിടി കവാടത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. വെറുതെ കറങ്ങാനിറങ്ങിയവരും ആവശ്യമായ രേഖകളില്ലാത്തവരും പൊലീസിന്‍റെ പിഴ ശിക്ഷയിൽ കുടുങ്ങി തിരിച്ചു ചുരമിറങ്ങേണ്ടി വന്നു.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് ലോക്ക്ഡൗൺ ദിനത്തിലും കറങ്ങാനിറങ്ങുന്നത്. ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗണായി സർക്കാർ പ്രഖ്യാപിച്ചിരിക്കെ അനാവശ്യമായി പുറത്തിറങ്ങന്നത് നിയമലംഘനമാണെന്നു പോലീസ് പറഞ്ഞു. അടിയന്തിര പ്രാധാന്യമുള്ള കാരണങ്ങൾ കാണിച്ചുള്ളവർക്ക് മാത്രമാണ് അനുമതി നൽകുന്നത്.
എസ്.ഐ രാംകുമാറിന്‍റെ നേതൃത്വത്തിൽ ലക്കിടി കവാടത്തിൽ വൈത്തിരി പൊലീസ് ശക്തമായ പരിശോധനയാണ് നടത്തുന്നത്. സഹായത്തിന് സിവിൽ ഡിഫൻസ് വളന്‍റിയർമാരുമുണ്ട്. വ്യക്തമായ കാരണങ്ങളില്ലാതെ ചുരം കയറുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും കനത്ത പിഴ ചുമത്തുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.