വൈത്തിരി: കോഴിക്കോട്-വയനാട് റൂട്ടിൽ ഓർഡിനറി ബസില്ലാത്തത് യാത്രക്കാരെ വലക്കുന്നു. സൂപ്പർ ഫാസ്റ്റ്, ടൗൺ ടു ടൗൺ ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. ഇത്തരം ബസുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രമാണ് നിർത്തുന്നത്. ഓർഡിനറി ബസുകൾക്ക് ഫെയർ സ്റ്റേജുള്ള സ്റ്റോപ്പുകളിൽ കാത്തുനിൽക്കുന്ന യാത്രക്കാരാണ് ഇതുമൂലം പ്രയാസപ്പെടുന്നത്. കോവിഡ് കാലഘട്ടത്തിൽ എല്ലാ ബസുകളും എല്ലാ സ്റ്റോപ്പുകളിലും നിർത്തണമെന്ന് ഉത്തരവുണ്ടെങ്കിലും ടി.ടി ബസുകളിലെ കണ്ടക്ടർമാരും ഡ്രൈവർമാരും പാലിക്കുന്നില്ല.
രാവിലെ ഓഫിസിൽ പോകാനിറങ്ങുന്നവരും സ്ത്രീകളും മണിക്കൂറുകളാണ് വഴിയരികിൽ കാത്തുനിൽക്കുന്നത്. ആളില്ലാതെ പോകുന്ന ബസുകൾപോലും യാത്രക്കാർ കൈകാണിച്ചാൽ നിർത്താൻ മടിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് മുഴുവനായും നിർത്തിവെച്ചിരുന്നു. തുടർന്ന് സർവിസ് പുനരാരംഭിച്ചപ്പോൾ ഓർഡിനറിയും ടി.ടിയും മാത്രമായിരുന്നു. പിന്നീട് ഓർഡിനറി നിർത്തലാക്കി ഫാസ്റ്റ് പാസഞ്ചർ സർവിസ് ആരംഭിച്ചു. ടി.ടി ബസുകൾ എല്ലാ സ്റ്റോപ്പുകളിലും നിർത്തി യാത്രക്കാരെ കയറ്റണമെന്ന് ഉത്തരവ് നൽകിയിട്ടുണ്ടെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ പ്രശോഭ് പറഞ്ഞു.
എന്നാൽ, ഉത്തരവുകൾ പാലിക്കപ്പെടുന്നില്ല. സ്ത്രീകളെപോലും സ്റ്റോപ്പുകളിൽ ഇറക്കാതെ കണ്ടക്ടർമാർ മോശമായാണ് പെരുമാറുന്നതെന്ന് യാത്രക്കാർ പറയുന്നു. ബസുകൾ തടഞ്ഞുനിർത്തി ആളുകളെ കയറ്റേണ്ടിവരുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.