വൈത്തിരി: ജില്ലയിലെ നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലും ദുരന്ത ഭീഷണി മുന്നിൽകണ്ടും പൂക്കോട് വെറ്ററിനറി സർവകലാശാലക്കു കീഴിലുള്ള കോളജുകൾ താൽക്കാലികമായി അടച്ചു. ഒമ്പതാം തീയതി വരെ ക്ലാസുകൾ നിർത്തിവെച്ചതായി അധികൃതർ സർക്കുലർ ഇറക്കിയിട്ടുണ്ട്. കുട്ടികളോട് ഹോസ്റ്റലുകൾ ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, യാത്രപോകുന്നത് പകൽ മാത്രമായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യം ശരിയായില്ലെങ്കിൽ ഓൺലൈൻ ക്ലാസ് നടത്താനാണ് തീരുമാനം.
കനത്തമഴയും മുണ്ടക്കൈയിലെ ഉരുൾപൊട്ടലും മൂലം നിരവധി വിദ്യാർഥികൾ ഇതിനോടകം തന്നെ സ്വദേശത്തേക്കു തിരിച്ചിരുന്നു. കുട്ടികളുടെ അവധിയും മറ്റു കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിൽ അധ്യാപകരും കോളജ് അധികൃതരും ആലസ്യമാർന്ന സമീപനമാണ് സ്വീകരിച്ചതെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പരാതിപ്പെട്ടു. ദുരന്ത സംഭവങ്ങളുണ്ടായിട്ടുപോലും പി.ടി.എയും അധ്യാപകരും കാര്യമായ ഇടപെടലുകൾ നടത്തുകയോ കുട്ടികൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കുകയോ ചെയ്തില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ചില വിദ്യാർഥികൾക്ക് ഭക്ഷണം കിട്ടിയില്ലെന്ന് പരാതിയും ഉണ്ട്.
വൈത്തിരി: കാലവർഷക്കെടുതിയിൽ നിരവധി നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ പൂക്കോട് നവോദയ സ്കൂളിലെ വിദ്യാർഥികളെയും ജീവനക്കാരെയും അടിയന്തരമായി മാറ്റി പാർപ്പിക്കാൻ ജില്ല ദുരന്ത നിവാരണ വിഭാഗം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ. ദേവകി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.