വൈത്തിരി: മാലിന്യങ്ങൾ കുമിഞ്ഞുകൂടി കാടുപിടിച്ചു ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ ഒരു സ്ഥലം വൈത്തിരി ടൗണിലുണ്ട്. കോടികൾ വിലമതിക്കുന്ന പോസ്റ്റൽ വകുപ്പിന്റെ സ്ഥലമാണ് വൈത്തിരി സഹകരണ ബാങ്കിന് എതിർവശത്തായി ദേശീയ പാതയോടു ചേർന്നുള്ളത്. ചതുപ്പുനിലമായ ഇവിടെയാണ് എല്ല മാലിന്യങ്ങളും വന്നുവീഴുന്നത്. ഗുഡ്സ് സ്റ്റാൻഡിന്റെ തൊട്ടുപിറകിലുള്ള ഈ സ്ഥലം പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. 30 സെന്റ് വിസ്തീർണമുള്ള ഈ സ്ഥലത്തു ഒന്നരയാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന പൂളമരങ്ങൾ ഫുട്പാത്തിലൂടെ നടന്നുപോകുന്നവർക്കുപോലും ഭീഷണിയാണ്.
അതോടൊപ്പം ദുർഗന്ധവും പരക്കുന്നുണ്ട്. പഴയ കാലത്ത് ഇവിടെയായിരുന്നു പോസ്റ്റ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. അന്നത്തെ കെട്ടിടം പിന്നീട് ദ്രവിച്ചു തകർന്നു. അതിനുശേഷം പോസ്റ്റ് ഓഫിസ് പ്രവർത്തനം വൈത്തിരി സബ് ജയിലിനു സമീപമുള്ള കെട്ടിടത്തിലേക്ക് മാറി. ഇപ്പോൾ പോസ്റ്റ് ഓഫിസ് നിൽക്കുന്ന കെട്ടിടവും ബ്രിട്ടീഷുകാരുടെ കാലത്ത് പണിതതാണ്. ജനങ്ങൾക്ക് എത്തിപ്പെടാൻ ഏറെ പ്രയാസമുള്ള അത്രയും ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആശുപത്രി ജങ്ഷനിൽനിന്നും കുത്തനെ നടന്നു കയറണം. വാഹനത്തിലാണെങ്കിൽ ആശുപത്രി റോഡിലൂടെ താലൂക്ക് ഓഫിസിന്റെ വശത്തുകൂടെ ഇടുങ്ങിയ റോഡിലൂടെ വേണം പോകാൻ.
വളരെയധികം പ്രചാരം നേടിയ പോസ്റ്റ് ഓഫിസ് സേവിങ്സ്ബാങ്ക് സംവിധാനം വൈത്തിരിയിൽ വിജയിക്കാത്തതിന്റെ ഒരു കാരണം സാധാരണക്കാർക്ക് ഇവിടെ എത്തിപ്പെടാനുള്ള പ്രയാസമാണ്. നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടം ദ്രവിച്ച അവസ്ഥയിലാണുള്ളത്. ഇവിടത്തെ ജീവനക്കാർ താമസിക്കുന്ന കോട്ടേജുകളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. ടൗണിൽ തന്നെയുള്ള പോസ്റ്റൽ വകുപ്പിന്റെ നിലവിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം പണിയാനോ ഉള്ള കെട്ടിടം നന്നാക്കിയെടുക്കാനോ വകുപ്പ് തയാറാകുന്നില്ല. നിരവധി തവണ ഈ ആവശ്യം ഉന്നയിച്ചു ജീവനക്കാർ കത്തെഴുതിയെങ്കിലും നടപടിയുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.