വൈത്തിരി: വയനാട് ചുരത്തിൽ അപകടങ്ങൾ നിത്യേനയെന്നോണം വർധിക്കുന്നത് കണക്കിലെടുത്തു ദേശീയപാത അതോറിറ്റി സുരക്ഷഭിത്തികളുടെയും ഓവുചാലുകളുടെയും അറ്റകുറ്റപ്പപണി തുടങ്ങാനുള്ള നടപടി തുടങ്ങി. സംസ്ഥാന സർക്കാറിന്റെ സി.ഇ ഫണ്ടുപയോഗിച്ചാണ് അടിയന്തരമായി പണികൾ തുടങ്ങുക. ഒരുകോടി ഇരുപതു ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്ക് ഫണ്ട് പാസായിട്ടുള്ളത്.
സുരക്ഷഭിത്തികൾ തകർന്നതും ഓവുചാലുകൾ മൂടാത്തതും മൂലം നിരവധി അപകടങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചുരത്തിൽ ഉണ്ടായത്. സുരക്ഷഭിത്തികളുടെയും ഓവുചാലുകളുടെയും അറ്റകുറ്റപ്പണികൾ തുടങ്ങിയെന്നും സമയബന്ധിതമായി പണികൾ പൂർത്തീകരിക്കുമെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയർ എൻ. വാസു മാധ്യമത്തോട് പറഞ്ഞു.
ചുരം സംരക്ഷണ സമിതി ഭാരവാഹികൾ ഇതിനിടെ ചുരത്തിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി തുടങ്ങണമെന്നാവശ്യപ്പെട്ട് എക്സികൂട്ടിവ് എൻജിനീയർക്ക് നിവേദനം നൽകിയിരുന്നു. ആഴ്ചകൾക്കുമുമ്പ് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ടു താഴേക്ക് പതിച്ച് മരത്തിൽ തട്ടിനിന്നതിനാൽ മാത്രമാണ് വൻദുരന്തം ഒഴിവായത്.
തുടർന്ന് പിക്കപ്പുകളും ജീപ്പും ബൈക്കും കൊക്കയിലേക്ക് മറിഞ്ഞിരുന്നു. ബൈക്കുകൾ താഴേക്ക് പതിച്ചു ഒന്നര മാസത്തിനിടെ രണ്ടു ജീവനുകളാണ് നഷ്ടപ്പെട്ടത്. ഒരുവശത്ത് സുരക്ഷാഭിത്തി ഇല്ലാത്തതും മറുവശത്തു ആഴത്തിലുള്ള ഓവുചാലുകൾ മൂടാത്തതും അപകടത്തിന്റെ തോത് വർധിപ്പിച്ചു. ഒമ്പതാം വളവു മുതൽ താഴേക്ക് പലയിടത്തും സുരക്ഷാഭിത്തികൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഇന്നലെയും ചുരത്തിലെ വശത്തെ ഓവുചാലിൽ പിക്കപ്പ് ലോറി വീണു അപകടമുണ്ടായി.
ചുരം റോഡിലെ അറ്റകുറ്റപ്പണികൾ തുടങ്ങാൻ അധികൃതർ നടപടികളെടുത്തത് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.