വൈത്തിരി: ഉത്തർപ്രദേശിലെ വാരാണസിക്കടുത്ത ഗാജിപ്പുർ സ്വദേശിയായ പ്രദീപ്കുമാർ കഴിഞ്ഞ ഏഴു മാസമായി സൈക്കിളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി യാത്ര ചെയ്യുകയാണ്. പത്തു സംസ്ഥാനങ്ങൾ പിന്നിട്ടു കേരളത്തിലെത്തിയ പ്രദീപ് രണ്ടു ദിവസത്തിനുള്ളിൽ ഗോവയിലേക്ക് തിരിക്കും. വെറും 140 രൂപയുമായാണ് ഈ യുവാവ് കഴിഞ്ഞ ഒക്ടോബറിൽ പ്രയാണം ആരംഭിച്ചത്.
പ്രകൃതി ശോഷണവും അന്തരീക്ഷ മലിനീകരണവും കൊണ്ട് പൊറുതിമുട്ടിയ ഇക്കാലത്ത് അതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പുതുതലമുറയിൽ അവബോധം സൃഷ്ടിക്കാനാണ് പ്രദീപിന്റെ പ്രയാണം.
സഞ്ചരിക്കുന്നതിനനുസരിച്ചു ചെടികൾ നട്ടു പിടിപ്പിക്കാനും കൂടിയാണ് പ്രദീപിന്റെ യാത്ര. യാത്ര തുടങ്ങിയതിനു ശേഷം ആയിരത്തോളം വൃക്ഷത്തൈകൾ നട്ടു. വിദ്യാലയങ്ങൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവയുടെ പരിസരത്താണ് ചെടികൾ നടുന്നത്. ഒരു വർഷം കൂടി തുടരുന്ന യാത്രയിൽ ഒരു ലക്ഷം തൈകളെങ്കിലും നടണമെന്നാണ് മോഹം. അതിനു സാമ്പത്തികം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആരെങ്കിലും സഹായം ചെയ്യുമെന്നാണ് പ്രദീപിന്റെ പ്രതീക്ഷ.
യു.പി, ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച ശേഷമാണ് തിരുവനന്തപുരത്തെത്തിയത്. 20 ദിവസം കൊണ്ട് കേരളത്തിൽ കോട്ടയം, പാലക്കാട് എന്നീ ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും പ്രദീപ് സൈക്കിളിൽ എത്തി. തമിഴ്‌നാട്ടിലെ മഹാബലിപുരത്തുവെച്ചു മൊബൈൽ ഫോൺ അടക്കം എല്ലാ സാധനങ്ങളും മോഷണം പോയി. നാട്ടുകാർ സഹകരിച്ചാണ് പുതിയ മൊബൈൽ വാങ്ങിക്കൊടുത്തത്.
ചൊവ്വാഴ്ച വൈത്തിരിയിലെത്തിയ പ്രദീപ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ് സേവ്യർ, ലേ സെക്രട്ടറി കെ.ബി. പ്രകാശ്, പി.ആർ.ഒ അജയ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.