വൈത്തിരി: അവധി ദിവസങ്ങളിലും മറ്റുമായി വയനാട്ടിലേക്ക് ഒഴുകുന്നത് ആയിരക്കണക്കിന് സഞ്ചാരികൾ. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സഞ്ചാരികളെ കൊണ്ട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അതിഥി മന്ദിരങ്ങളും നിറഞ്ഞു. ഉൾകൊള്ളാവുന്നതിെൻറ പതിന്മടങ്ങ് സഞ്ചാരികളാണ് എത്തിയത്. പത്തു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശന നിയന്ത്രണമുണ്ടെങ്കിലും പലയിടത്തും ഇതു പാലിക്കപ്പെട്ടില്ല. വാഹനബാഹുല്യം കാരണം ദേശീയപാതയിൽ വരെ ഗതാഗത തടസ്സമുണ്ടായി. ചുരത്തിലടക്കം പലയിടത്തും ചെറുതും വലുതുമായ നിരവധി അപകടങ്ങളും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി ടൂറിസ്റ്റ് ബസുകളും ജില്ലയിലെത്തിയിരുന്നു. ചുരം റോഡിലെ ഗതാഗതക്കുരുക്ക് പലപ്പോഴും വൈത്തിരി വരെ നീണ്ടു. ഇതര ജില്ലകൾക്കു പുറമെ കർണാടകയിൽനിന്നും നിരവധി സഞ്ചാരികൾ ജില്ലയിലെത്തി. കൂടുതൽ സഞ്ചാരികളെത്തിയത് പൂക്കോട് തടാകത്തിലാണ്. നാലായിരത്തിലധികം പേരാണ് കഴിഞ്ഞ ദിവസം മാത്രം തടാകം സന്ദർശിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറന്നു. കെ.എസ്.ആർ.ടി.സി ബസുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രികളിൽ ജില്ലയിലെ മിക്കവാറും എല്ലാ താമസ സ്ഥലങ്ങളും 'ഹൗസ്ഫുൾ' ആയിരുന്നു. റിസോർട്ടുകളും ടൂറിസ്റ്റു ഹോമുകളും ഹോം സ്റ്റേകളും രാത്രിയോടെ നിറഞ്ഞു കവിഞ്ഞു. കുടുംബങ്ങളടക്കം നിരവധി പേർ താമസ സൗകര്യം കിട്ടാതെ വലഞ്ഞു. പാതിരാത്രികളിലും മുറി അന്വേഷിച്ച് നടക്കുന്നവരെ പലയിടത്തും കാണാമായിരുന്നു. നേരത്തെ ബുക്ക് ചെയ്തവർക്കു മാത്രമാണ് താമസ സൗകര്യം ലഭിച്ചത്. പലരും കാറിലും മറ്റും ഇരുന്നാണ് നേരം വെളുപ്പിച്ചത്. പലയിടത്തും തോന്നിയ പോലെയാണ് മുറി വാടക ഈടാക്കിയത്. പല ഹോം സ്േറ്റ, റിസോർട്ട് നടത്തിപ്പുകാരും കിട്ടിയ അവസരം പിഴിഞ്ഞെടുത്തു.
ഭക്ഷണശാലകളിലും കച്ചവട സ്ഥാപനങ്ങളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. പലയിടത്തും താൽക്കാലിക തട്ടുകടകളും കച്ചവട സ്ഥാപനങ്ങളും റോഡരികിലുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ ജില്ലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വയനാട് ടൂറിസം അസോസിയേഷൻ പ്രസിഡൻറ് അലി ബ്രാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.