വൈത്തിരി: കോവിഡ് വ്യാപനവും തുടർന്നുള്ള ലോക്ഡൗണും കാരണം പാടെ തകർന്നു വയനാട് ജില്ലയിലെ വിനോദസഞ്ചാര മേഖല. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണങ്ങൾക്ക് അയവുവന്നപ്പോൾ വീണ്ടും തുറന്നതോടെ സഞ്ചാരികളുടെ വൻ ഒഴുക്കായിരുന്നു. പൂക്കോട് തടാകം, ബാണാസുര ഡാം, കുറുവ ദ്വീപ്, മീൻമുട്ടി വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് വർധിച്ചത് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസം സമ്മാനിച്ചിരുന്നു.
800 പേർക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന പൂക്കോട് തടാകത്തിലും അതേപോലെതന്നെ ബാണാസുര ഡാമിലും ദിവസവും അയ്യായിരത്തിലധികം സഞ്ചാരികൾ എത്തിയ ദിവസങ്ങൾ വരെയുണ്ടായി. സഞ്ചാരികളുടെ വാഹനബാഹുല്യം കാരണം ചുരത്തിലും മറ്റും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കനുഭവപ്പെട്ടിരുന്നു. എന്നാൽ, കോവിഡ് രണ്ടാം തരംഗത്തോടെ ഈ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് പതിക്കുകയായിരുന്നു. ആദ്യം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവ് നിലച്ചു. പിന്നെ തെക്കൻ ജില്ലകളിൽനിന്നുള്ളവരുടെയും. ഏപ്രിൽ അവസാനമായപ്പോഴേക്കും ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് തീരെ കുറഞ്ഞു. കോവിഡ് രൂക്ഷമായതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒന്നൊന്നായി അടച്ചു.
വിനോദസഞ്ചാരികളെ ആശ്രയിച്ചു കഴിയുന്ന ജില്ലയിലെ നൂറുകണക്കിന് റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും വാതിലുകളടഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളോട് ചേർന്നുള്ള നിരവധി കച്ചവട സ്ഥാപനങ്ങളും പൂട്ടി. ടൂറിസം ബിസിനസുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ടാക്സികളും ടൂറിസ്റ്റ് വാഹനങ്ങളും ഷെഡ്ഡിനകത്തായി. ഇതോടെ ജില്ലയിൽ ആയിരക്കണക്കിന് പേർക്കാണ് തൊഴിലില്ലാതായത്. ലോക്ഡൗൺ തുടങ്ങുന്നതിനു മുമ്പുതന്നെ ഡി.ടി.പി.സിയുടെ കീഴിലുള്ള കേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. സർക്കാർ നിർദേശം വന്നതോടെ മറ്റു വിനോദസഞ്ചാര സ്ഥലങ്ങളും പിന്നീട് അടക്കുകയായിരുന്നു.
ജില്ലയിലെ വിനോദസഞ്ചാര മേഖല ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണെന്നു ഡി.ടി.പി.സി സെക്രട്ടറി ബി. ആനന്ദ് 'മാധ്യമ'ത്തോട് പറഞ്ഞു. കഴിഞ്ഞ വർഷം അടച്ചുപൂട്ടിയ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തനക്ഷമമായി വരുന്നതിനിടക്കാണ് മുമ്പത്തേതിനേക്കാൾ ഈ മേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്.
ഇന്നത്തെ അവസ്ഥയിൽ ജില്ലയിലെ വിനോദ സഞ്ചാര മേഖല പൂർവ സ്ഥിതിയിലെത്താൻ മാസങ്ങളെടുക്കും. ഈ ലേഖലയിലെ നഷ്ടം കോടികളുടേതാണ്. ഇത് നികത്തിയെടുക്കണമെങ്കിലും എത്രയോ മാസങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാരികളുടെ വരവ് നിലച്ചതോടെ ഏറ്റവും ഗുരുതര പ്രതിസന്ധി നേരിടുന്നത് റിസോർട്ട്, ഹോം സ്റ്റേ, ലോഡ്ജ് നടത്തിപ്പുകാരാണെന്ന് ജില്ല ടൂറിസം അസോസിയേഷൻ പ്രസിഡൻറ് അലി ബ്രാൻ പറഞ്ഞു. പല റിസോർട്ടുകളിലും ഇതര സംസ്ഥാനക്കാരുടെ ബിസിനസായിരുന്നു കാര്യമായിട്ടുണ്ടായിരുന്നത്.
ജില്ലയിൽ വ്യാപിച്ചു കിടക്കുന്ന ഹോം സ്റ്റേകളിൽ ഏപ്രിൽ ആദ്യ ആഴ്ച കഴിഞ്ഞതോടെ ആളില്ലാതായി. ഈ അവസ്ഥ തുടരുകയാണെങ്കിൽ ഉടമകൾക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ കഴിയാത്ത അവസ്ഥയാണ്. ലോക്ഡൗൺ നീക്കാനും സുരക്ഷാസംവിധാനം ഒരുക്കാനും സർക്കാർ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.