വൈത്തിരി: വൈത്തിരിയെ ചെഞ്ചായമണിയിച്ച സി.പി.എം ജില്ല സമ്മേളനം വ്യാഴാഴ്ച സമാപിക്കും. ടൗണിൽ നടക്കുന്ന പ്രകടനത്തിനും പൊതുയോഗത്തിനും ശേഷമാകും സമ്മേളനത്തിെൻറ പരിസമാപ്തി. വൈത്തിരി ബസ്സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം തയാറാക്കിയ വേദിയിൽ നടക്കുന്ന പൊതുയോഗം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, ടി.പി. രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ ജില്ലതല റാലി ഒഴിവാക്കി. പകരം എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും അനുബന്ധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കും. വ്യാഴാഴ്ച പകൽ 10ന് ജില്ല കമ്മിറ്റി, സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കും. തുടർന്ന് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിക്കും.
സമ്മേളനത്തിെൻറ രണ്ടാം ദിവസമായ ബുധനാഴ്ച പൊതുചർച്ച നടന്നു. വിവിധ ഏരിയകളിൽനിന്നെത്തിയ 125 പ്രതിനിധികളെ പ്രതിനിധാനംചെയ്ത് 17 പേർ ചർച്ചയിൽ പങ്കെടുത്തു. വി.എൻ. ഉണ്ണികൃഷ്ണൻ, പി.ഒ. പ്രദീപൻ, ഷീജി ഷിബു, എം. രജീഷ്, ബീന വിജയൻ, എ. ജോണി, സി. ഷംസുദ്ദീൻ, വി.ജി. ഗിരിജ, ബേബി വർഗീസ്, വി. ഹാരിസ്, എൻ.പി. കുഞ്ഞുമോൾ, സി. യൂസുഫ്, പി.ആർ. നിർമല, ലിജോ ജോണി, സി.ജി. പ്രത്യുഷ്, എ.വി. ജയൻ, സി.എസ്. ശ്രീജിത്ത് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബി, ജില്ല സെക്രട്ടറി പി. ഗഗാറിൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. തുടർന്ന് റിപ്പോർട്ട് അംഗീകരിച്ചു. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. കെ.ഇ.എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
പുതിയ ജില്ല കമ്മിറ്റി ഇന്ന്; ഗഗാറിൻ തുടരാൻ സാധ്യത
കൽപറ്റ: സി.പി.എം ജില്ല സമ്മേളനത്തിെൻറ സമാപന ദിനമായ വ്യാഴാഴ്ച പുതിയ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുക്കും. അവസാന നിമിഷം മാറ്റങ്ങളുണ്ടായില്ലെങ്കിൽ പി. ഗഗാറിൻ ജില്ല സെക്രട്ടറിയായി തുടരാനാണ് സാധ്യത. മുമ്പ് ഔദ്യോഗിക പക്ഷം എല്ലാ ജില്ലകളിലും മേധാവിത്വം നേടിയപ്പോഴും വി.എസ് പക്ഷത്തിനൊപ്പമായിരുന്നു വയനാട്. കഴിഞ്ഞ ജില്ല കമ്മിറ്റിയിലാണ് അതിന് മാറ്റമുണ്ടായത്. കണക്കുകൂട്ടലുകൾക്കപ്പുറത്തുനിന്നാണ് ഗഗാറിൻ ജില്ല സെക്രട്ടറിയായി ഉയർന്നുവന്നത്. ഇക്കുറി മത്സരമുണ്ടായില്ലെങ്കിൽ ഗഗാറിന് എതിർപ്പുണ്ടാവാനിടയില്ല.
ഏരിയ സമ്മേളനങ്ങളിൽ കടുത്ത മത്സരം നടന്ന പശ്ചാത്തലത്തിൽ ജില്ല കമ്മിറ്റിയിലേക്ക് മത്സരം നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇടതുതരംഗം ആഞ്ഞുവീശിയ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും വയനാട്ടിൽ പിന്നാക്കംപോയ സാഹചര്യം ജില്ല സമ്മേളനത്തിൽ ചർച്ചാവിഷയമായി. കൽപറ്റ, സുൽത്താൻ ബത്തേരി നിയോജക മണ്ഡലങ്ങളിലുണ്ടായ തോൽവിയും പിന്നീട് പാർട്ടിയിലുണ്ടായ നടപടികളും ചർച്ചചെയ്യപ്പെട്ടു.
കൽപറ്റ, വൈത്തിരി, പുൽപള്ളി ഏരിയ സമ്മേളനങ്ങളിലാണ് ഏറ്റവും കടുത്ത മത്സരം നടന്നത്. കൽപറ്റയിലും വൈത്തിരിയിലും ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചവര്‍ വിജയിക്കുകയും ചെയ്തു. പുൽപള്ളി ഏരിയ സമ്മേളനത്തിെൻറ തുടര്‍ച്ചയായി ചില അസ്വാരസ്യങ്ങൾ പാര്‍ട്ടിയിൽ ഉണ്ടായിരുന്നു. പോഷക സംഘടന ഭാരവാഹികളിൽ ചിലരുടെ രാജിയിലേക്കുവരെ അതെത്തി. ഇത്തവണ ജില്ല കമ്മിറ്റിയിൽ കൂടുതൽ പുതുമുഖങ്ങളെത്തും. കഴിഞ്ഞ സമ്മേളനം 26 അംഗ ജില്ല കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. ഇക്കുറി പാർട്ടി അംഗങ്ങൾ വർധിച്ചതിനാൽ 27 അംഗ ജില്ല കമ്മിറ്റിയാകും നിലവിൽ വരുക.
വയനാട് ജില്ല കമ്മിറ്റി നിലവിൽ വന്നതുമുതൽ കമ്മിറ്റി അംഗങ്ങളായ പി.എ. മുഹമ്മദ്, വി.പി. ശങ്കരൻ നമ്പ്യാർ, കെ.വി. മോഹനൻ എന്നിവർ നിലവിലെ കമ്മിറ്റിയിലും തുടരുകയാണ്. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ജനാധിപത്യ മഹിള അസോസിയേഷൻ എന്നിവയിൽനിന്ന് കൂടുതൽ പേർ ഇക്കുറി ജില്ല കമ്മിറ്റിയിലെത്താൻ സാധ്യതയുണ്ട്. 11,286 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 125 പേരാണ് ജില്ല സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്കു പുറമെ ആറു കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.