വൈത്തിരി: പൂക്കോട് തടാകക്കരയിൽ കോടിക്കണക്കിനു രൂപ ചെലവഴിച്ചു നിർമിച്ച പൊതുശൗചാലയം തുറന്ന ശേഷം പ്രവർത്തനരഹിതമായി. തടാകത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഉപയോഗിക്കാനാണ് ആധുനിക സൗകര്യങ്ങളോടെ ശൗചാലയം നിർമിച്ചത്. ഒന്നേമുക്കാൽ കോടി രൂപ ചെലവഴിച്ചു പണി പൂർത്തീകരിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും ശൗചാലയം തുറന്നുകൊടുക്കാത്തത് ‘മാധ്യമം’ വാർത്ത കൊടുത്തിരുന്നു.തുടർന്ന് ഒരാഴ്ച കഴിഞ്ഞു ശൗചാലയം തുറന്നുവെങ്കിലും നാലു ദിവസം കൊണ്ട് അടച്ചുപൂട്ടുകയായിരുന്നു.
ഹൈടെക് സംവിധാനമുള്ള ടോയ് ലറ്റുകൾ ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് അറിയിക്കുന്ന ബോർഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. സെൻസർ ടീച്ചിങ് വഴി ഉപയോഗിക്കണം. ഇതറിയാത്തവർ ഉപയോഗിച്ച് മുഴുവൻ ടോയ് ലറ്റുകളും പ്രവർത്തനരഹിതമായിരിക്കുകയാണ്. ശൗചാലയങ്ങൾ ശുചീകരിക്കാൻ ചുമതലപ്പെടുത്തിയിരുന്ന വനിത ജീവനക്കാർക്ക് പരിശീലനവും ലഭിച്ചിട്ടില്ല. അപക്വമായ കൈകാര്യം ചെയ്യൽ മൂലം വിലപിടിപ്പുള്ള സാമഗ്രികൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായി. ഇതോടൊപ്പം ശൗചാലയത്തിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും അടച്ചുപൂട്ടലിനു കാരണമായി. തൊട്ടടുത്ത ഫിഷറീസിന്റെ ജലമായിരുന്നു ശൗചാലയത്തിൽ ഉപയോഗിച്ചിരുന്നത്. അത് നിലച്ചതോടെയാണ് ശൗചാലയത്തിൽ പ്രതിസന്ധി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.