വൈത്തിരി: നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന പൂക്കോട് ‘എൻഊര്’ ഗോത്ര പൈതൃക ഗ്രാമത്തിലെ കാത്തിരിപ്പുസ്ഥലത്തു ശൗചാലയമില്ലാത്തതിനാൽ സന്ദർശകർക്ക് ദുരിതം. പൂക്കോട് വെറ്ററിനറി സർവകലാശാല കവാടത്തിനടുത്താണ് എൻ ഊരിലേക്കുള്ള ടിക്കറ്റ് കൗണ്ടറും കാത്തിരിപ്പു സ്ഥലവും. നൂറു കണക്കിന് സഞ്ചാരികളാണ് ദിവസവും ദൂരെ ദിക്കുകളിൽനിന്നും ഇവിടെ എത്തുന്നത്.
ഇതിൽ മിക്കവരും ഓൺലൈനിൽ ടിക്കെറ്റെടുത്താണ് വരുന്നത്. വന്നിറങ്ങുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. പുരുഷന്മാർ ടിക്കറ്റ് കൗണ്ടറിന്റെ പിറകിലേക്കുപോകുമ്പോൾ സ്ത്രീകൾ കൗണ്ടറിന്റെ അരികിലൂടെ ഒഴുകുന്ന പുഴയോരത്തുകൂടി നടന്ന് പാലത്തിനടിയിലെ മറവിൽ കാര്യം സാധിക്കുകയാണ്. ഇതിനു മറ്റു സ്ത്രീകൾ കാവൽ നിൽക്കണം.
പലരും സ്വകാര്യതയോർത്ത് ഇതിന് തയാറല്ല. ശൗചാലയമില്ലാതെ, വെയിലും മഴയുമേൽക്കാതെ നിൽക്കാനൊരിടമില്ലാതെ സഞ്ചാരികൾ പ്രയാസപ്പെടുന്ന വാർത്ത ‘മാധ്യമം’ നേരത്തെ റിപ്പോട്ട് ചെയ്തിരുന്നു. മഴയിൽനിന്ന് താൽക്കാലികമായി രക്ഷ നേടുവാൻ ടിക്കറ്റ് കൗണ്ടറിനു മുൻവശത്ത് താർപ്പായ വലിച്ചു കെട്ടിയിട്ടുണ്ട്.
ടിക്കറ്റ് കൗണ്ടർ അടങ്ങുന്ന സ്ഥലം ആദിവാസികൾക്ക് അനുവദിച്ചുകൊടുത്തതാണ്. ആദിവാസി ഊര് കൂട്ടം അനുമതി നൽകിയാൽ മാത്രമേ ഈ സ്ഥലത്ത് എന്തെങ്കിലും പ്രവൃത്തികൾ നടത്താൻ കഴിയുകയുള്ളൂ. അതോടൊപ്പം ഈ സ്ഥലത്തോടുചേർന്ന് പ്രവർത്തിക്കുന്ന യൂത്ത് ക്ലബും അനുമതി നൽകണം.
ഇക്കഴിഞ്ഞ ദിവസം ‘എൻ ഊര്’ ഓഫിസിൽചേർന്ന യോഗത്തിൽ ശൗചാലയ വിഷയം ചർച്ച ചെയ്യുകയും അത് നിർമിക്കുന്നതിനാവശ്യമായ നടപടികൾ കൈകൊള്ളുവാൻ തീരുമാനിക്കുകയും ചെയ്തതായി ‘എൻ ഊര്’ ഗോത്ര പൈതൃക ഗ്രാമം സി.ഇ.ഒ പ്രിമൽ രാജ് അറിയിച്ചു.
ടിക്കറ്റ് കൗണ്ടർ നിൽക്കുന്ന സ്ഥലത്ത് ശൗചാലയം നിർമിക്കുന്നതിന് അനുമതി തേടി ട്രൈബൽ വകുപ്പിനും വൈത്തിരി ഗ്രാമ പഞ്ചായത്തിനും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പകർപ്പ് ഐ.ടി.ഡി.പിക്കും ഊര് മൂപ്പനും നൽകിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് ശൗചാലയത്തിന്റെ പണി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.