വൈത്തിരി: ജില്ലയിലെ ടൂറിസം മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. വന്യമൃഗ ശല്യവും തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങളടച്ചതും ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചു. മിക്ക റിസോർട്ടുകളും ഹോംസ്റ്റേകളും ആഴ്ചകളായി താമസക്കാരില്ലാതെ കടുത്ത ദുരിതത്തിലാണ്. ഹോട്ടലുകളുടെയും റസ്റ്റാറൻറുകളുടെയും സ്ഥിതിയും ഭിന്നമല്ല. പുതുതായി തുറന്നവ അടക്കം ജില്ലയിലെ ഹോട്ടലുകൾ പലതും അടച്ചിട്ട അവസ്ഥയിലാണ്. വാരാന്ത്യ ദിനങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ശിവരാത്രിയും രണ്ടാം ശനിയും ഒന്നിച്ചു വന്നിട്ടുപോലും ജില്ലയിൽ എവിടെയും തിരക്കനുഭവപ്പെട്ടില്ല. ചുരം റോഡിൽ വാഹനങ്ങൾ തീരെ കുറവായിരുന്നു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശകരും കുറവാണ്.
വ്യാപാരമേഖലയും കടുത്ത മാന്ദ്യത്തിലാണ്. റമദാന്റെ മുന്നോടിയായുള്ള കച്ചവടം പോലും ലഭിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു. സന്ധ്യയാവുന്നതോടെ അങ്ങാടികൾ കാലിയാവുന്നു. വന്യമൃഗആക്രമണം മൂലം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മരണങ്ങൾ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് പെട്ടെന്ന് കുറച്ചു. ജില്ലയിലെങ്ങും വന്യമൃഗ ശല്യമാണെന്ന പ്രചാരണം വ്യാപിച്ചതോടെയാണ് ടൂറിസം മേഖലയിൽ തിരക്കില്ലതായത്. ഇതോടൊപ്പം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഓരോന്നായി അധികൃതർ അടക്കുകയും ചെയ്തു. വനം വകുപ്പിന് കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അടച്ചതിലധികവും. ബാണാസുര ഡാമിലെ തൊഴിലാളി സമരവും സൂചിപ്പാറ വെള്ളച്ചാട്ടം, കുറുവ ദ്വീപ്, ചെമ്പ്ര പീക് തുടങ്ങിയവ അടച്ചതും സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചു. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി എൻ ഊര് ഗോത്ര പൈതൃക ഗ്രാമം കൂടി അടച്ചതോടെ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചതായുള്ള പ്രചാരണം കർണാടകയിലും തെക്കൻ കേരളത്തിലും വ്യാപകമായി. ഇതിനിടെ ഹൈകോടതിയിൽ ഒരു സംഘടന നൽകിയ ഹരജി പരിഗണിച്ച് വയനാട് ജില്ലയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ അടച്ചിടാൻ വിധി വന്നതും ടൂറിസം മേഖലക്ക് ഇരുട്ടടിയായി.
ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ മുന്നോട്ടുവന്നിട്ടുണ്ട്. ഇതിനായി മാനന്തവാടിയിൽ കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. ടൂറിസം മേഖലയിലെ പ്രതിസന്ധി തീർക്കാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധിച്ച് വയനാട് ടൂറിസം അസോസിയേഷൻ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.