വൈത്തിരി: വയനാടിന് ഭാരം കൂടുകയാണ്. ദിനേന ഏകദേശം 50,000 ടണ്ണിനുമുകളിലുള്ള ക്വാറി ഉൽപന്നങ്ങളാണ് ജില്ലയിലെത്തുന്നത്. ഇങ്ങനെ ഭാരം കൂടിക്കൂടി എന്നാണ് ഇതെല്ലം കൂടി താഴേക്ക് പതിക്കുകയെന്നാർക്കുമറിയില്ല. ശരാശരി 50 ടൺ ഭാരമുള്ള കല്ലും മണലുമൊക്കെയായി നൂറുകണക്കിന് ടിപ്പറുകളും ടോറസുകളുമാണ് ചുരം കയറുന്നത്. നിയന്ത്രിക്കാനും പരിശോധിക്കാനുമാരുമില്ലാതെ സ്വതന്ത്രമായ അവസ്ഥയിൽ എത്ര ലോഡ് വേണമെങ്കിലും ചുരം കയറും.
ജില്ലയിൽ ക്വാറികൾക്ക് പ്രവർത്തനാനുമതി ഇല്ലാതായതോടെയാണ് കോഴിക്കോട്ടു നിന്നും മലപ്പുറത്തു നിന്നും ക്വാറി മാഫിയകൾ വയനാട്ടിൽ പിടിമുറുക്കുന്നത്. ചുരവും ജില്ലയും തങ്ങളുടെ വരുതിയിലാണെന്നു തോന്നുംവിധമാണ് നൂറുകണക്കിന് ടോറസ് ലോറികൾ ചുരത്തിലൂടെ ചീറിപ്പായുന്നത്. കോഴിക്കോട് ജില്ല ഭരണകൂടമേർപ്പെടുത്തിയ നിയന്ത്രണങ്ങൾ നടപ്പാവാത്തതിനാൽ ചുരത്തിൽ ഗതാഗതക്കുരുക്കും അപകടങ്ങളും ദിനേനെ ആവർത്തിക്കുകയാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി ഉയർന്ന ഭാരം കയറ്റിയ ചുരുങ്ങിയത് 500 ടോറസുകളാണ് ചുരം കയറിയത്. മിക്ക അവധി ദിവസങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവധി ദിവസങ്ങളിൽ കണ്ണുംപൂട്ടി യഥേഷ്ടം ലോഡും കയറ്റിപ്പോകാൻ ആരാണ് മൗനാനുവാദം കൊടുക്കുന്നത്?.
പൊലീസ്, ഹൈവേ പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ വിവിധ ഘടകങ്ങൾ ഓരോ വളവിലും പരിശോധനകൾ നടത്തി നിസ്സാര കുറ്റത്തിനുപോലും ശിക്ഷ നൽകുമ്പോൾ അമിതഭാരം കയറ്റി അമിത വേഗതയിൽ പായുന്ന ടോറസുകൾക്കു മുന്നിൽ കണ്ണടക്കുന്നതെന്തുകൊണ്ടാണ്?, ഒരു കൈയിൽ മൊബൈലും മറുകൈയിൽ സ്റ്റിയറിങ്ങുമായി വാഹനമോടിക്കുന്ന ടിപ്പർ ഡ്രൈവർമാർ ഇവരുടെ ശ്രദ്ധയിൽപെടാത്തതെന്തുകൊണ്ട്?, വാഹന പരിശോധന നടക്കുന്നത് അപ്പപ്പോൾ ടിപ്പർ ഡ്രൈവർമാർക്ക് വിവരം നൽകുന്നതാരാണ്?. ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്.
ജില്ലയിലേക്ക് വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്ന ദിവസങ്ങളിൽ വലിയ ചരക്കുവാഹനങ്ങൾക്ക് നിശ്ചിത സമയങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നെങ്കിലും ടോറസുകൾക്ക് അതൊന്നും ബാധകമായില്ല. നിയന്ത്രണ സമയത്തും വൻതോതിൽ ടോറസുകളെ ചുരം കയറാൻ അനുവദിച്ചതിനെക്കുറിച്ച് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ അങ്ങനെയൊരു നിയന്ത്രണത്തെപ്പറ്റി തങ്ങൾക്ക് അറിവില്ലെന്നാണ് ഫോണെടുത്ത പൊലീസുകാരൻ പ്രതികരിച്ചത്!.
ട്രാൻസ്പോർട്ട് കമീഷണർ ഓഫിസിൽ ഉന്നത ഉദ്യോഗസ്ഥരുമായി പിടിപാടുള്ള ക്വാറി മാഫിയകൾക്ക് പൊലീസ് വകുപ്പിൽ നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. അതുകൊണ്ടാണ് അവധി ദിവസങ്ങളിലും അസമയങ്ങളിലും നിർബാധം ലോഡുകൾ ചുരം കയറുന്നത്.
ഇന്ന് കേരളത്തിൽ ക്വാറി ഉൽപന്നങ്ങൾക്ക് ഏറ്റവും കൂടുതൽ വില നൽകേണ്ടിവരുന്നത് വയനാട് ജില്ലയിലാണ്. ഇതിനാൽ നിർമാണ മേഖലയിൽ ചെലവ് ദുസ്സഹമാണ്. ജില്ല ഇന്ന് ക്വാറി മാഫിയക്ക് സ്വർണ ഖനിയാണ്. ഇതിന് ഒത്താശ ചെയ്തുകൊടുക്കാൻ അധികൃതരും. ചുരത്തിനു മുകളിൽ എല്ലാ വളവുകളിലും പതിയിരുന്ന് പരിശോധന നടത്തുന്ന ആർ.ടി.ഒ, പൊലീസ്, ഹൈവേ പൊലീസ് എന്നിവ ശനി, ഞായർ ദിവസങ്ങളിൽ ടോറസുകളുടെ സഞ്ചാരത്തിനായി മാറിനിൽക്കുകയാണ്.
കർണാടകയിൽ നിന്നും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ക്വാറി ഉൽപന്നങ്ങളുടെ വരവും ഈ മാഫിയകൾ ഇടപെട്ട് നിർത്തലാക്കി. കർണാടകയിലെ രാഷ്ട്രീയ പാർട്ടികളെ സ്വാധീനിച്ച് കർണാടകയിൽനിന്നും വയനാട്ടിലേക്കുള്ള കല്ലും മണലും വരുന്നതിപ്പോൾ നിർത്തിയിരിക്കുകയാണ്.
അതിർത്തി കടന്നുവരുന്നത് സർക്കാർ പദ്ധതികൾക്കു വേണ്ടി മാത്രമുള്ള ലോഡാണ്. അതും ഓവർ ലോഡിന്റെയും മറ്റും കാരണം പറഞ്ഞ് തടസ്സപ്പെടുത്തുന്നുമുണ്ട്. ഇതുമൂലവും കർണാടകയിലെ ഡ്രൈവർമാർ വയനാട്ടിലേക്ക് വരാൻ മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.