വൈത്തിരി: മഹാമാരിയിലും പ്രളയത്തിലുംപെട്ട് വൈത്തിരിയിലെ പൊലീസ് സ്റ്റേഷൻ കെട്ടിടം തകർന്നിട്ട് അഞ്ചു വർഷം തികയുമ്പോഴും പകരം നിർമിക്കപ്പെട്ട കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കാത്തതിനാൽ അറുപതോളം പൊലീസുകാർ നിന്നുതിരിയാനിടമില്ലാതെ ദുരിതത്തിൽ. അഞ്ചു വർഷം മുമ്പ് അർധരാത്രിയിൽ അന്നത്തെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് ഒലിച്ചുപോയതോടെയാണ് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം നൂറ്റാണ്ടിലധികം പഴക്കമുള്ള സി.ഐയും എസ്.ഐയും താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റിയത്.
തൊട്ടടുത്ത വർഷം തന്നെ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന് ആശുപത്രി ജങ്ഷനിൽ തുടങ്ങാൻ അനുമതിയാവുകയും ചെയ്തു. തുടർന്ന് ഹാബിറ്റാറ്റ് നിർമാണ കമ്പനിക്കു കരാർ ലഭിക്കുകയും മൂന്നുനില കെട്ടിടത്തിന്റെ പണി 50 ശതമാനത്തിലധികം പൂർത്തീകരിക്കുകയും ചെയ്തു. പിന്നീട് സർക്കാറിൽനിന്നും ഫണ്ട് ലഭിക്കുന്നില്ലെന്ന കാരണം കാണിച്ചു കരാറുകാർ പണി നിർത്തിപ്പോകുകയും ചെയ്തു.
നീണ്ട ഇടവേളക്കു ശേഷം മുൻ ജില്ല പൊലീസ് സൂപ്രണ്ട് ആർ. ആനന്ദ് പ്രശ്നത്തിലിടപെടുകയും എത്രയും പെട്ടെന്ന് പണിപൂർത്തീകരിക്കാൻ കരാറുകാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, കുറച്ചു പണികൂടി തീർത്തതല്ലാതെ മറ്റൊന്നും നടന്നില്ല. സർക്കാറിൽനിന്നും ഫണ്ടൊന്നും കരാറുകാർക്ക് ലഭിച്ചതുമില്ല. വനിതകളടക്കമുള്ള പൊലീസുകാർ പഴയ, ചോർന്നൊലിക്കുന്ന കെട്ടിടങ്ങളിൽ ഇരിക്കാൻ പോലും കഴിയാതെ ഏറെ കഷ്ടപ്പെടുകയാണ്. വൈത്തിരി പൊലീസ് സ്റ്റേഷനൊപ്പം പണി തുടങ്ങിയ തൊണ്ടർനാട് പൊലീസ് സ്റ്റേഷന്റെയും പനമരം പൊലീസ് സ്റ്റേഷന്റെയും ഉദ്ഘാടനം മാസങ്ങൾക്കു മുമ്പ് കഴിഞ്ഞു.
കെട്ടിടത്തിന്റെ പണികൾ മുക്കാൽ ഭാഗവും കഴിഞ്ഞിട്ടുണ്ടെങ്കിലും സർക്കാറിൽനിന്നും ഫണ്ട് ലഭിക്കാത്തതിനാലാണ് പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് ഹാബിറ്റാറ്റ് കൺസ്ട്രക്ഷൻ കമ്പനിയുടെ എൻജിനീയർ അറിയിച്ചു. ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം. പലയിടത്തും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. കാന്റീൻ, വസ്ത്രം മാറുന്ന മുറി, വിശ്രമ മുറികൾ ഒന്നും ഈ കെട്ടിടങ്ങളിലില്ല. ജില്ലയിൽ കൂടുതൽ റിസോർട്ടുള്ളത് വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ജില്ലയിൽ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സ്റ്റേഷനുകളിൽ ഒന്നാണ് ഈ സ്റ്റേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.