വൈത്തിരി: ഗ്രാമപഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും രാവുംപകലും വ്യത്യാസമില്ലാതെ വർധിച്ചുവരുന്ന വന്യമൃഗശല്യത്തിന് ജനകീയ ഇടപെടലിൽ പരിഹാരമാകുന്നു. തൊഴിലിടങ്ങളിലും പൊതു നിരത്തുകളിലും കാട്ടാനയുടെ സാന്നിധ്യം സ്ഥിരമാകുന്ന സാഹചര്യം പതിവായിരുന്നു.
തൊഴിലാളികൾക്കും വിദ്യാർഥികൾക്കും രോഗികൾക്കുമൊക്കെ മാർഗ തടസ്സങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിലാണ് ജനപ്രതിനിധികളും പാർട്ടികളും നാട്ടുകാരും ചേർന്ന് ജനകീയ കൂട്ടായ്മയിൽ പ്രതിരോധ വേലി സ്ഥാപിക്കാൻ തീരുമാനിച്ചത്.
വയനാട്ടിൽ വനാതിർത്തികളിൽ ഫെൻസിങ്ങിനായി കോടികൾ മുടക്കിയുള്ള വൻ പദ്ധതികൾ തുടർ സംരക്ഷണ പ്രവർത്തനം ഇല്ലാത്തതുമൂലം നോക്കുകുത്തിയാകുന്ന സാഹചര്യത്തിലാണ് വൈത്തിരി ഗ്രാമപഞ്ചായത്ത് ജനകീയ ഫെൻസിങ് സ്ഥാപിച്ചത്. പഞ്ചായത്തിൽ ഏറ്റവും അധികം കാട്ടാന ശല്യമുണ്ടായിരുന്ന ചുണ്ടവയൽ, തളിമല, ചേലോട്, ചുണ്ട ടൗൺ, വട്ടവയൽ പ്രദേശങ്ങളിൽ ആനശല്യം തീർത്തും പരിഹരിക്കാൻ ഒന്നാംഘട്ട നിർമാണത്തോടെ കഴിയുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തിൽ ചുണ്ട, ആനപ്പാറ റോഡ് മുതൽ തളിമല വരെയുള്ള അഞ്ച് കിലോമീറ്ററിലാണ് മൂന്ന് മീറ്റർ ഉയരത്തിൽ ജനകീയ ഫെൻസിങ് പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിൽ പതിനൊന്ന് കിലോമീറ്റർ ഫെൻസിങ് പൂർത്തീകരിച്ച് ലക്കിടിയിൽ എത്തിക്കുകയാണ് ലക്ഷ്യം. ജനങ്ങളുടെ പങ്കാളിത്തത്തിൽ തുടർ സംരക്ഷണം ഉറപ്പുവരുത്തി കുറഞ്ഞ ചെലവിലാണ് വൈദ്യുതി വേലി നിർമിച്ചത്. അഞ്ച് കിലോമീറ്ററിന് 4.5 ലക്ഷം രൂപയാണ് ചെലവായത്. പൊതുജനങ്ങളിൽനിന്ന് സംഭാവനയിലൂടെയാണ് തുക സ്വരൂപിച്ചത്.
കൽപറ്റ: വന്യജീവി പ്രതിരോധ വേലിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ജനുവരി 16ന് വൈകീട്ട് മൂന്നുമണിക്ക് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ -സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, കൺവീനർ എൻ.ഒ. ദേവസി, കെ.കെ. തോമസ്, ഹേമലത എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.