മേപ്പാടി: തൊഴിലാളികളുടെ കൂലി മൂന്നു വർഷം കൂടുമ്പോൾ പുതുക്കി നിശ്ചയിക്കണമെന്നാണ് വ്യവസ്ഥ. വേതന കരാർ കാലാവധി കഴിഞ്ഞ് 10 മാസങ്ങൾ പിന്നിട്ടിട്ടും പുതിയ ചർച്ചകൾ ആരംഭിച്ചിട്ടുപോലുമില്ല. നവംബർ 23ന് ചേരുന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്തേക്കും. പല വട്ടം ചർച്ചചെയ്ത ശേഷമേ കരാറിലേക്കെത്താൻ കഴിയൂ. കൂലി വർധന നടപ്പാക്കാൻ കഴിയില്ലെന്ന നിലപാട് മുമ്പെ തന്നെ തോട്ടമുടമകളുടെ സംഘടന എ.പി.കെ സ്വീകരിച്ചു. പച്ചത്തേയില വില കുറഞ്ഞതിനാൽ വ്യവസായം പ്രതിസന്ധി നേരിടുന്നു എന്നതാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. കൂലി വർധന ചർച്ച തുടങ്ങുമ്പോൾ തന്നെ പച്ചത്തേയില വില കുറയുന്ന പ്രതിഭാസം പതിവാണെന്ന് യൂനിയനുകൾ പറയുന്നു. ഇത് തോട്ടമുടമകളും ഇടനിലക്കാരും ചേർന്ന് കൃത്രിമമായി സൃഷ്ടിക്കുന്നതാണോ എന്ന സംശയവും ഇപ്പോൾ ബലപ്പെട്ടിട്ടുണ്ട്. വിലയിടിവ് മൂലമുള്ള പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഉടമകൾ കൂലി വർധനവിനെ എതിർക്കുന്നത്. മറ്റ് തോട്ടവിളകളും വിലയിടിവ് നേരിടുന്നുണ്ട്.
അവയെല്ലാം വേതന വർധന എന്ന ആവശ്യത്തിന് മുമ്പിൽ വിലങ്ങുതടിയായേക്കും. ബോണസ്, കൂലി വർധന വിഷയങ്ങളുയർത്തി വലിയ പ്രക്ഷോഭങ്ങൾക്കൊന്നും ഇന്നത്തെ സാഹചര്യത്തിൽ തൊഴിലാളി സംഘടനകൾ തയാറാകുമെന്നു തോന്നുന്നില്ല. തൊട്ടാൽ കൈ പൊള്ളുമോയെന്ന് സംഘടനകൾ ഭയപ്പെടുന്നു. തോട്ടം മേഖലയിൽ തൊഴിലാളി സംഘടനകളുടെ പ്രസക്തി തന്നെ കുറഞ്ഞു വരുന്നു എന്നതാണ് യാഥാർഥ്യം. സ്ഥിരം തൊഴിലാളികളുടെ എണ്ണം ഓരോ തോട്ടത്തിലും ഗണ്യമായി കുറഞ്ഞു വരികയാണ്. തോട്ടം മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. സ്ഥിരം തൊഴിലാളികൾ കുറഞ്ഞു വരുമ്പോൾ യൂനിയനുകളുടെ അംഗ സംഖ്യയും കുറയുന്നു. ആ നിലക്ക് അസ്തിത്വ പ്രതിസന്ധിയും തൊഴിലാളി സംഘടനകൾ ഭാവിയിൽ നേരിടുമെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.