മൂപ്പൈനാട്: പകൽസമയങ്ങളിലും കാട്ടാന നാട്ടിലേക്ക് ഇറങ്ങുന്നതിനാൽ വടുവഞ്ചാൽ മേഖല ഭീതിയിൽ. പുതിയപാടി, പാടിവയൽ, കടച്ചിക്കുന്ന്, കാടാശ്ശേരി ഭാഗങ്ങളിലാണ് ജനജീവിതത്തിന് ഭീഷണിയായി കാട്ടാനക്കൂട്ടമിറങ്ങുന്നത്. മൂന്നാനകളുള്ള കൂട്ടമാണ് രാത്രി,പകൽ ഭേദമെന്യേ പ്രദേശങ്ങളിൽ വിഹരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു.
വിവരമറിയിച്ചാൽ വനം വകുപ്പ് ജീവനക്കാരെത്തി പടക്കം പൊട്ടിച്ച് ആനകളെ തുരത്താറുണ്ട്. എന്നാൽ അവ തിരികെയെത്തുകയാണ് പതിവ്.
വൈദ്യുതി വേലിയടക്കമുള്ള പ്രതിരോധ സംവിധാനത്തെക്കുറിച്ച് അധികൃതർ ഇടക്ക് പറയാറുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി.
പകലും റോഡിലൂടെ കാട്ടാനക്കൂട്ടം വിഹരിക്കുന്നു. ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കാട്ടാനശല്യത്തെ പ്രതിരോധിക്കാൻ ഫലപ്രദമായ നടപടി വനം വകുപ്പധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ഈ അവസ്ഥ തുടർന്നാൽ ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.