പ്രതീകാത്മക ചിത്രം

ലോക്ഡൗണ്‍ ഇളവ്: ഇന്ന് മുതല്‍ യാത്ര ചെയ്യു​മ്പോൾ ശ്രദ്ധിക്കേണ്ടത്​ ഇക്കാര്യങ്ങൾ

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം.

നിയന്ത്രണങ്ങളില്‍ ഇളവ് നൽകിയതോ, ഭാഗിക ലോക്​ഡൗൺ നിലനിൽക്കുന്നതോ ആയ സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേക്ക്​ മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍, നിർമാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് പാസ് ആവശ്യമാണ്.

സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്.

പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷിച്ചാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുമ. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേര്​ വിലാസം, മൊബൈല്‍ നമ്പർ, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയാറാക്കേണ്ടത്.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേക്കും പുറത്തേക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം.

സംസ്ഥാനത്ത് വ്യാഴാഴ്ച മദ്യവില്‍പന പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവര്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പൊലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിങ്​ കര്‍ശനമാക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

Tags:    
News Summary - Lockdown relaxation; guidelines for passengers' who travel from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.