ലോക്​ഡൗൺ നിയന്ത്രണങ്ങൾ: സർക്കാർ എടുക്കുന്നത്​ നാറാണത്ത്​ ഭ്രാന്തന്‍റെ പണി -അബ്​ദു റബ്ബ്​

കോഴിക്കോട്​: സർക്കാറിന്‍റെ ലോക്​ഡൗൺ നിയന്ത്രണങ്ങൾ അശാസ്​ത്രീയമാണെന്ന വാദവുമായി മുസ്​ലിം ലീഗ്​ നേതാവും എം.എൽ.എയുമായ പി.കെ അബ്​ദു റബ്ബ്​. തിങ്കളും, ബുധനും, വെള്ളിയും മാത്രം സമയ പരിധി വെച്ച് തുറന്നു കൊടുക്കുമ്പോൾ ജനം ആ ദിവസങ്ങളിലെ നിശ്ചിത സമയത്തിനുള്ളിൽ അവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങാൻ നിർബന്ധിതരാവുന്നു. ബാക്കിയുള്ള നാലു ദിവസങ്ങളും ജനങ്ങളെ വീട്ടിൽ പൂട്ടിയിടുകയും ചെയ്യുന്നു. ഈ രീതി അശാസ്​ത്രീയമാണെന്നാണ്​ അബ്​ദുറബ്ബിന്‍റെ വാദം. ഫേസ്​ബുക്ക്​ പോസ്റ്റിലൂടെയാണ്​ സർക്കാർ നടപടികളെ റബ്ബ്​ വിമർശിച്ചത്​.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണ രൂപം

കാര്യബോധവും, ദീർഘവീക്ഷണവുമുണ്ടെങ്കിൽ സർക്കാർ ചെയ്യേണ്ടത് ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതുകയാണ്. തിങ്കളും, ബുധനും, വെള്ളിയും മാത്രം സമയ പരിധി വെച്ച് തുറന്നു കൊടുക്കുമ്പോൾ ജനം ആ ദിവസങ്ങളിലെ നിശ്ചിത സമയത്തിനുള്ളിൽ അവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങാൻ നിർബന്ധിതരാവുന്നു. ബാക്കിയുള്ള നാലു ദിവസങ്ങളും ജനങ്ങളെ വീട്ടിൽ പൂട്ടിയിടുകയും ചെയ്യുന്നു.

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സർക്കാർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു തരത്തിൽ പറഞ്ഞാൽ നാറാണത്ത് ഭ്രാന്തന്‍റെ പണിയാണ്. ആഴ്ചയിൽ നാലു ദിവസം കർശന നിയന്ത്രണങ്ങളുടെ പേരിൽ പ്രധാന സ്ഥലങ്ങളിൽ പോലീസിന്‍റെ വേട്ടയാടലും പിഴ ചുമത്തലും തകൃതിയാണ്. നിസ്സാര കാരണങ്ങൾക്കു പോലും 500 രൂപയുടെ പിഴയെഴുതി പോലീസ് രസീതി നീട്ടുമ്പോൾ പൊതുജനം ഭവ്യതയോടെ അതു സ്വീകരിക്കുന്നു.

കറൻ്റ് ബില്ലായും, പോലീസ് വക പിഴയായും മലയാളിക്ക് ഓണമുണ്ണാനുള്ള കിറ്റാണ് റെഡിയാകുന്നത്. 'സംഭാവനകൾ' കൂമ്പാരമാകുമ്പോഴാണല്ലോ സർക്കാർ പരിപാടികൾ ഗംഭീരമാകുന്നത്. ഓണക്കിറ്റിൽ കുട്ടികൾക്ക് സർക്കാർ വക മിഠായിയുമുണ്ടെന്ന വാർത്തകൾ കേട്ട് കോൾമയിർ കൊള്ളും മുമ്പ്മൂന്നാം തരംഗത്തിന് മുമ്പേ 18 വയസിനു മുകളിലുള്ള എല്ലാവർക്കും രണ്ടു ഡോസും വാക്സിൻ നൽകുമോ എന്നാണ് രണ്ടു സർക്കാരുകളോടും നമ്മൾ ചോദിക്കേണ്ടത്.

ആയിരം പേരുള്ള ഒരു പ്രദേശത്തെ ഇരുപത് പേരിൽ പരിശോധന നടത്തി, പത്തു പേർ പോസിറ്റീവായാൽ ആ പ്രദേശം കണ്ടയിൻമെൻ്റ് സോണാണത്രെ.. ടി.പി.ആർ 50% മാണത്രെ. വൈരുദ്ധ്യങ്ങളുടെ ഈ ടി.പി.ആർ കണക്കുമായാണ് സർക്കാർ ഓരോ പ്രദേശങ്ങളേയും ഇപ്പോൾ കാറ്റഗറിയാക്കി തരം തിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമൊക്കെ കേരളത്തിലെ ടി.പി.ആർ നിരക്ക് 10 നും 15 നുമിടയിലായിരുന്നു. അന്നൊക്കെ കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനും അനുമതിയുണ്ടായിരുന്നു. കേരളത്തിലെ പുതിയ ടി.പി.ആർ നിരക്കുകൾ

10 നും 15 നുമിടയിലാണെന്നിരിക്കെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിക്കൂടേ.മഹാരാഷ്ട്രയിലും, യു.പി യിലും, ഡൽഹിയിലും ഗുജറാത്തിലും, തമിഴ്നാട്ടിലുമൊക്കെ കോവിഡ് ബാധിച്ച്, ഓക്സിജൻ കിട്ടാതെ തെരുവുകളിൽ വീണു പിടഞ്ഞ മനുഷ്യ മക്കളുടെ ചിത്രങ്ങൾ നമ്മൾ മറന്നിട്ടില്ല. ഭീതിയുടെ ആ നാളുകളിൽ നിന്നും അവരൊക്കെ കരകയറിയിട്ടും നമ്മുടെ കേരളം ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകളിൽ മുൻപന്തിയിൽ തന്നെ. എവിടെയാണ് കേരളത്തിന് പിഴച്ചത് പരിശോധിക്കണം. മറ്റു സംസ്ഥാനങ്ങളിൽ നടന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ കാര്യങ്ങൾ കേരളവും ഉൾക്കൊള്ളണം.

നിയന്ത്രണങ്ങളില്ലാത്ത മൂന്നു ദിവസം പെരുന്നാൾ രാവു പോലെയാണ്. സാമൂഹ്യാകലം പാലിക്കാതെ ജനങ്ങൾ തിങ്ങി നിറഞ്ഞാലും ഒരു കുഴപ്പവുമില്ല. ബീവറേജിനു മുമ്പിലും അങ്ങനെത്തന്നെ, അന്നേ ദിവസങ്ങളിൽ തന്നെ അങ്ങാടികളിൽ വന്നവർ ബാങ്കു കേട്ട് പള്ളിയിൽ കയറിയാലാണ് പ്രശ്നം, ആളു കൂടിയതിന് പള്ളിക്കമ്മിറ്റിക്കെതിരെ ഉടൻ കേസാണ്.

നാലു ദിവസം അടച്ചിട്ടും, പിഴ ചുമത്തിയും ജനങ്ങളെ പിഴിഞ്ഞ ശേഷം മൂന്നു ദിവസം തുറന്നിട്ടു കൊടുത്ത് ജനങ്ങളെ എന്തിനാണ് കോവിഡിന് എറിഞ്ഞു കൊടുക്കുന്നത്തീർത്തും പ്രായോഗികമല്ലാത്ത എല്ലാ കോവിഡ് നിയന്ത്രണങ്ങളും പൊളിച്ചെഴുതണം. മൂന്നു ദിവസം മാത്രം തുറന്നിടുന്നതിന് പകരം എല്ലാ ദിവസവും രാത്രി വരെ കച്ചവട സ്ഥാപനങ്ങൾ തുറക്കട്ടെ.

യൂറോപ്യൻ രാജ്യങ്ങളിൽ വരെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വർദ്ധിപ്പിച്ച് ആൾക്കൂട്ടങ്ങളുണ്ടാവാതിരിക്കാൻ ശ്രമിക്കുമ്പോഴാണ് കേരളം കച്ചവട സ്ഥാപനങ്ങളെ നിയന്ത്രിച്ച് ആളുകൾക്ക് കൂട്ടം കൂടാനും തിരക്കു കൂട്ടാനും അവസരമൊരുക്കുന്നത്. കോവിഡ് ബാധിച്ചവരുടെ വീടുകളിലെ ക്വാറൻ്റെയിൻ തീർത്തും സുരക്ഷിതമല്ല, കുടുംബങ്ങളുമായി സമ്പർക്കം വഴി രോഗം വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. പോസിറ്റീവായവർക്ക് മുമ്പ് ചെയ്തിരുന്നതു പോലെ സർക്കാർ നിയന്ത്രണത്തിൽ തന്നെ ക്വാറൻ്റെയിൻ സൗകര്യങ്ങളൊരുക്കണം.

കോവിഡിന്‍റെ തുടക്കത്തിൽ ഏറെക്കുറെ നിയന്ത്രണ വിധേയമായത് ഈ ജാഗ്രത കൊണ്ടാണ്.ദുരഭിമാനം വെടിഞ്ഞ്, കോവിഡ് നിയന്ത്രണത്തിൻ്റെ എല്ലാ 'പട്ടാഭിഷേകങ്ങളും' അഴിച്ചുവെച്ച് സർക്കാർ ഉണരുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Lockdown restrictions: The government is taking the work of the narcissistic madman -Abdu Rabb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.