തിരുവനന്തപുരം: സ്ഥാനാർഥി നിർണയം വേഗത്തിൽ പൂർത്തിയാക്കി ഇടതുമുന്നണി തെരഞ്ഞെടുപ്പ് കളത്തിലേക്ക്. സി.പി.എമ്മിന്റെ 15 സീറ്റുകളിലും സി.പി.ഐയുടെ നാലു സീറ്റിലും കേരളകോൺഗ്രസിന്റെ ഒരു സീറ്റിലും സ്ഥാനാർഥികളായി. അതേസമയം, യു.ഡി.എഫിൽ കോൺഗ്രസിലെ സ്ഥാനാർഥി പട്ടികയിൽ ഇപ്പോഴും ധാരണയായില്ല. മുസ്ലിം ലീഗിന്റെ രണ്ടു സീറ്റിലെ പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകും. ആർ.എസ്.പിയുടെ കൊല്ലം സീറ്റിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ കോട്ടയം സീറ്റിലും സ്ഥാനാർഥികളായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷമാണ് പ്രതീക്ഷിക്കുന്നത്. അതിന് മുമ്പ് സ്ഥാനാർഥികളെ രംഗത്തിറക്കി മുൻതൂക്കം നേടാനാണ് ഇടതുമുന്നണി നീക്കം.
പ്രഖ്യാപനം വന്നതിന് പിന്നാലെ സി.പി.എം സ്ഥാനാർഥികൾ മണ്ഡലത്തിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിക്കഴിഞ്ഞു. യഥാർഥത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് ആദ്യം കടന്നത് കോൺഗ്രസാണ്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന കെ.പി.സി.സി നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗേലുവിനെ പങ്കെടുപ്പിച്ച് കർമപദ്ധതി തയാറാക്കി. പുതുപ്പള്ളി, തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകളിൽ വിജയം കണ്ട സ്ഥാനാർഥികളെ ആദ്യം നിശ്ചയിച്ച് രംഗത്തിറങ്ങി കളം പിടിക്കുകയെന്ന തന്ത്രം ലോക്സഭാ തെരഞ്ഞെടുപ്പിലും വേണമെന്നായിരുന്നു അന്നത്തെ പ്രധാന തീരുമാനം.
കോൺഗ്രസിന്റെ 15 സീറ്റുകളിലും സിറ്റിങ് എം.പിമാരെതന്നെ നിർത്താൻ ധാരണയുമായി. അതോടെ, പതിവ് പൊട്ടലും ചീറ്റലുമില്ലാതെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ആദ്യം പുറത്തിറങ്ങുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കെ.പി.സി.സി പ്രസിഡന്റിന്റെ ചികിത്സക്കായുള്ള അമേരിക്കൻ യാത്ര, സമരാഗ്നി യാത്ര എന്നിവയാണ് കോൺഗ്രസിൽ സ്ഥാനാർഥി ചർച്ച വൈകിച്ചത്. ലീഗിന്റെ മൂന്നാം സീറ്റ് അവകാശവാദം കടുത്തതും വിനയായി. രാജ്യസഭാ സീറ്റ് വാഗ്ദാനം നൽകി മുസ്ലിം ലീഗിനെ അനുനയിപ്പിക്കാനായതോടെ കോൺഗ്രസിൽ സ്ഥാനാർഥി ചർച്ച സജീവമായിട്ടുണ്ട്. കെ.പി.സി.സി സ്ക്രീനിങ് കമ്മിറ്റി അടുത്ത ദിവസങ്ങളിൽ ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.